ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംതുടരുന്നതിനാൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാനിടയില്ല. രാജ്യസഭയിൽ തിങ്കളാഴ്ച 10.30-ന് പ്രധാനമന്ത്രിയുടെ മറുപടി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പകരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആവും സഭയെ അഭിസംബോധന ചെയ്യുക എന്നാണ് സൂചന.

രാജ്യസഭയിൽ മാത്രമാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെങ്കിൽ പാർലമെന്ററി ചരിത്രത്തിൽ അത് ആദ്യസംഭവമാവും. രണ്ടിടത്തും സംസാരിക്കുന്നില്ലെങ്കിൽ 1999-ൽ വാജ്‌പേയിയും 2009-ൽ മൻമോഹൻ സിങ്ങും സ്വീകരിച്ച വഴിയിലെ മൂന്നാമത്തെയാളാവും മോദി.

സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ചചെയ്യാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി.മാരുടെ യോഗം വിളിച്ചിരുന്നു. കേരളത്തിൽ നിന്നും പഞ്ചാബിൽനിന്നുമുള്ള അംഗങ്ങൾ പ്രത്യേക ചർച്ച വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് രാജ്യസഭയിലും ലോക്‌സഭയിലും ആവശ്യം ഉന്നയിക്കാൻ രാഹുൽ നിർദേശിച്ചു. എന്നാൽ, രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കൊപ്പം അഞ്ചുമണിക്കൂർ അധികം നൽകാമെന്ന അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നിർദേശം മുതിർന്ന കോൺഗ്രസ് നേതാവായ ഗുലാം നബി ആസാദടക്കമുള്ളവർ അംഗീകരിച്ചു. തുടർന്ന് രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ച ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി അവസാനിച്ചു. അതിനാലാണ് തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ മറുപടി ഉൾപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങുംമുൻപ്‌ സംസാരിക്കാൻ ബാക്കിയുള്ളവർക്ക് അവസരം നൽകുമെന്നും അറിയുന്നു. 

ലോക്‌സഭയിൽ ചർച്ച തുടങ്ങിയിട്ടില്ല. സർക്കാർ വഴങ്ങുംവരെ സഭാ സമ്മേളനം തടസ്സപ്പെടുത്തുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാക്കൾ പറഞ്ഞു.

രാജ്യസഭയിലും ലോക്‌സഭയിലും കോൺഗ്രസ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത് നേതൃത്വത്തിലെ പ്രശ്നങ്ങൾ കാരണമാണെന്ന് ആരോപണമുണ്ട്. രാജ്യസഭയിൽ കോൺഗ്രസിനെ നയിക്കുന്നത് നേതൃത്വത്തെ വിമർശിച്ച് കത്തെഴുതിയ 23 അംഗ സംഘത്തിലെ പ്രമുഖരായ ഗുലാം നബി ആസാദും ആനന്ദ് ശർമയുമാണ്. രാഹുൽ നിർദേശിച്ചിട്ടും ഇവർ വ്യത്യസ്ത സമീപനം സ്വീകരിക്കുകയായിരുന്നെന്ന് ഒരു വിഭാഗം എം.പി.മാർ ആക്ഷേപിക്കുന്നു. കോൺഗ്രസ് വൃത്തങ്ങൾ ഇത് നിഷേധിച്ചു. രാജ്യസഭയിൽ ചർച്ചയ്ക്ക് അഞ്ചുമണിക്കൂർ അധികം ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് ശക്തിയുള്ള രാജ്യസഭയിൽ ആനുപാതികമായി അത്രയും സമയം പ്രതിപക്ഷാംഗങ്ങൾക്ക് കിട്ടും. ലോക്‌സഭയിൽ കോൺഗ്രസിന് പത്തിലൊന്ന് അംഗങ്ങളാണുള്ളത്. പ്രത്യേക ചർച്ച ഉണ്ടായില്ലെങ്കിൽ ആനുപാതികമായി വളരെക്കുറച്ചു സമയം മാത്രമാവും പ്രതിപക്ഷത്തിന് ലഭിക്കുക. ഇതിനാലാണ് ലോക്‌സഭയിൽ കോൺഗ്രസും യു.പി.എ. ഘടകകക്ഷികളും തൃണമൂലും ബി.എസ്.പി.യും ഉൾപ്പെടെയുള്ള കക്ഷികളും ഈ നിലപാട് സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് എം.പി.മാർ പറഞ്ഞു.