ന്യൂഡൽഹി: എയിംസിലെ രാജ്കുമാരി അമൃത്കൗർ ഒ.പി.ഡി. ബ്ലോക്കിൽ സജ്ജമാക്കിയിട്ടുള്ള കോവിഡ് വാക്സിൻ കേന്ദ്രത്തിൽ തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോൾ നഴ്‌സുമാരായ റോസമ്മ അനിലും നിവേദയും ആദ്യമൊന്നമ്പരന്നു. പിന്നെ, അഭിമാനവും സന്തോഷവും നിറഞ്ഞ ആവേശത്തികട്ടലായി. നിശ്ചയിച്ചുറപ്പിച്ച സമയത്തുതന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രി കോവിഡ് വാക്സിൻ സ്വീകരിക്കാൻ അവർക്കു മുന്നിൽ ഹാജർ.

നഴ്‌സുമാർ ദക്ഷിണേന്ത്യക്കാരാണെന്നു മനസ്സിലായപോലെ ‘വണക്കം’ എന്നുപറഞ്ഞ് കൂപ്പുകൈകളോടെ അദ്ദേഹം അവരെ പരിചയപ്പെട്ടു. സംസ്ഥാനവും ജില്ലയും തിരക്കി. എത്രകാലമായി എയിംസിൽ ജോലിയെടുക്കുന്നുവെന്നു ചോദിച്ചു.

തന്നെ കുത്തിവെക്കുമ്പോൾ നഴ്‌സുമാർക്കു പരിഭ്രമമുണ്ടാകുമെന്നു മനസ്സിലാക്കി തമാശയും പറഞ്ഞു: “തൊലിക്കട്ടി കൂടിയവരാണ് രാഷ്ട്രീയക്കാർ. മൃഗങ്ങളെ കുത്തുന്ന സൂചിയാണോ നിങ്ങൾ ഉപയോഗിക്കുന്നത്?”

നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി റോസമ്മയും നിവേദയുംകൂടി പ്രധാനമന്ത്രിയുടെ ഇടതുകൈയിൽ കോവാക്സിൻ കുത്തിവെച്ചു. അരമണിക്കൂർ നിരീക്ഷണത്തിനുശേഷം നഴ്‌സുമാർക്കും എയിംസ് ജീവനക്കാർക്കും നന്ദിപറഞ്ഞ് പുഞ്ചിരിയോടെ പ്രധാനമന്ത്രി മടങ്ങി.

കോവിഡ് വാക്സിന്റെ ആദ്യ ഡോസെടുത്തവിവരം ചിത്രംസഹിതം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. വാക്സിൻ കുത്തിവെച്ച നഴ്‌സുമാർക്കൊപ്പമുള്ള ചിത്രവും ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളം, പുതുച്ചേരി, അസം സംസ്ഥാനങ്ങളുടെ പ്രതീകാത്മക പ്രാതിനിധ്യവും വാക്സിൻ സ്വീകരണവേളയിൽ ശ്രദ്ധിക്കപ്പെട്ടു. മലയാളിയാണ് റോസമ്മ അനിൽ. നിവദേ പുതുച്ചേരി സ്വദേശിയും. അസമിലെ തദ്ദേശീയ ഷാളണിഞ്ഞാണ് പ്രധാനമന്ത്രിയെത്തിയത്.

എയിംസിലെ കാർഡിയോളജി വിഭാഗത്തിൽ സീനിയർ നഴ്‌സിങ് ഓഫീസറാണ് ഇടുക്കി തൊടുപുഴ സ്വദേശിയായ റോസമ്മ. നിവേദ ഇൻഫെക്‌ഷൻ കൺട്രോൾ വിഭാഗത്തിൽ നഴ്‌സിങ് ഓഫീസർ. കോവിഡ് വാക്സിൻ സെന്ററിൽ പ്രത്യേകം ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടവരാണ് ഇരുവരും.

പ്രധാനമന്ത്രിക്കു വാക്സിൻ നൽകാനായത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമാണെന്ന് റോസമ്മ പറഞ്ഞു. നിവേദയും സന്തോഷം പങ്കുവെച്ചു.