ന്യൂഡൽഹി: സമൂഹത്തിന്റെ ഉന്നമനത്തിനായി പെൺമക്കളെ ആദരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഭാരതസംസ്കാരത്തിൽ പുത്രിമാരെ ലക്ഷ്മീദേവിയായാണ് കണക്കാക്കുന്നത്. അവർ സൗഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുന്നവരാണ് -പ്രധാനമന്ത്രി പറഞ്ഞു.

അസാധാരണകാര്യങ്ങൾ ചെയ്യുന്ന ഒട്ടേറെ പുത്രിമാരും പുത്രവധുക്കളും സമൂഹത്തിലുണ്ട്. ഡോക്ടർമാർ, എൻജിനിയർമാർ, അഭിഭാഷകർ തുടങ്ങിയ ജോലികളിൽ അവർ പ്രവർത്തിക്കുന്നു. രാജ്യത്തെമ്പാടുമുള്ള അത്തരം പെൺമക്കളെ തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളെ ആദരിക്കാൻ തയ്യാറാവണം. അവരുടെ പേരിൽ അഭിമാനം കൊള്ളണം. ഇതോടൊപ്പം പെൺമക്കളുടെ നേട്ടങ്ങളെക്കുറിച്ച് ‘ഭാരത് കീ ലക്ഷ്മി’ എന്ന ഹാഷ്‌ടാഗോടുകൂടി സാമൂഹികമാധ്യമങ്ങളിൽ പ്രചാരം നൽകണം -പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ദീപാവലി ആഘോഷവേളയിൽ ലഭിക്കുന്ന സമ്മാനങ്ങൾ പാവപ്പെട്ടവർക്കുകൂടി പങ്കുവെക്കാൻ തയ്യാറാവണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇ-സിഗരറ്റ് നിരോധിച്ചത് യുവജനതയുടെ നന്മയ്ക്ക്

ഇലക്‌ട്രോണിക് സിഗരറ്റ് നിരോധിച്ചത് യുവതലമുറ പുതിയരീതിയിലുള്ള ലഹരിക്ക് അടിമപ്പെടുന്നത് തടയാനാണെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. ഇ-സിഗരറ്റ് ആരോഗ്യത്തിന്‌ ദോഷമുണ്ടാക്കില്ലെന്ന കെട്ടുകഥ എല്ലായിടത്തും പ്രചരിക്കപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ ഇ-സിഗരറ്റ് നിരോധിച്ചശേഷം ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

Content Highlights: Prime Minister Narendra Modi Man Ki Bath