ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന കോവിഡ് വാക്സിൻ കുത്തിവെപ്പിന് 250 രൂപയാണ് ഈടാക്കുകയെന്ന് കേന്ദ്രം. 60 കഴിഞ്ഞവർക്കും 45-ന് മുകളിലുള്ള, അസുഖങ്ങളുള്ളവർക്കും കുത്തിവെപ്പ് തിങ്കളാഴ്ചയാണ് തുടങ്ങുക. അസുഖങ്ങളുടെ പട്ടികയടക്കമുള്ള ഇതിന്റെ വിശദാംശങ്ങളും പുറത്തുവിട്ടു.

സർക്കാർകേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിൽ 250 രൂപയിൽ 100 രൂപ സർവീസ് ചാർജാണ്. ഇത് കൂട്ടാനോ കുറയ്ക്കാനോ പറ്റില്ല. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള 10,000 ആസ്പത്രികളും സി.ജി.എച്ച്.എസിന് കീഴിലുള്ള 687 ആസ്പത്രികളും സംസ്ഥാനങ്ങൾക്ക് വാക്സിനേഷൻ കേന്ദ്രങ്ങളാക്കാം. കൂടാതെ സംസ്ഥാനസർക്കാരുകൾക്ക് അവരുടെ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആസ്പത്രികളും ഇതിനായി ഉപയോഗിക്കാം.

കോവിഡ് വാക്സിൻ കുത്തിവെപ്പിനായി കേന്ദ്രതലത്തിലുള്ള Co-WIN ആപ്പിൽ മുൻകൂറായോ വാക്സിൻകേന്ദ്രത്തിലെത്തി നേരിട്ടോ രജിസ്റ്റർ ചെയ്യാം. ആപ്പ് മുഖേന രജിസ്റ്റർചെയ്യുമ്പോൾ വാക്സിനേഷൻ കേന്ദ്രവും തീയതിയും തിരഞ്ഞെടുക്കാം. എന്നാൽ, ഏതു വാക്സിനാണ് കുത്തിവെക്കേണ്ടതെന്ന് സ്വയം തീരുമാനിക്കാനാവില്ല. ഇപ്പോൾ അംഗീകരിച്ച രണ്ടു വാക്സിനുകളെയും തുല്യപ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വാക്സിൻ ഉന്നതാധികാരസമിതി അധ്യക്ഷൻ ഡോ. ആർ.എസ്. ശർമ പറഞ്ഞു.

45-നും 59-നും ഇടയിലുള്ള, എന്തെങ്കിലും രോഗമുള്ളവർക്കേ ഇപ്പോൾ വാക്സിൻ ലഭിക്കൂ. അതിനുതെളിവായി അംഗീകാരമുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.