ന്യൂഡൽഹി: അഫ്ഗാനിസ്താൻ വിഷയം ചർച്ചചെയ്യാൻ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിൽ ചേർന്ന ജി-20 പ്രത്യേക ഉച്ചകോടി ചൊവ്വാഴ്ച ഓൺലൈനിൽ നടന്നു. അഫ്ഗാൻ മേഖല തീവ്രവാദത്തിന്റെയും ഭീകരതയുടെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾക്കൊള്ളുന്ന ഭരണകൂടം അഫ്ഗാനിസ്താലുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെയും അഫ്ഗാനിസ്താനിലെയും ജനങ്ങൾ തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനിസ്താനിലെ യുവജങ്ങളുടെയും സ്ത്രീകളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിനായി 20 വർഷമായി ഇന്ത്യ മികച്ച സംഭാവന നൽകിയിട്ടുണ്ട്. അഫ്ഗാനിസ്താനിൽ അഞ്ഞൂറോളം വികസന പദ്ധതികൾ ഇന്ത്യ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്. അഫ്ഗാനിസ്താന് അടിയന്തരമായി മാനുഷികസഹായം തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണം. മേഖലയിലെ തീവ്രവാദം, ഭീകരത, മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്ത് എന്നിവയ്ക്കെതിരായ സംയുക്ത പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.