ന്യൂഡൽഹി: രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ ഏറ്റവും പ്രധാന കണ്ണി ഗവർണർമാരാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. രണ്ടുദിവസമായി രാഷ്ട്രപതിഭവനിൽ നടന്ന ഗവർണർമാരുടെ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള മികച്ച ഏകോപനത്തിന് ഗവർണർമാർക്ക് നിർണായകമായ പങ്കുവഹിക്കാനുണ്ട്. രാജ്ഭവനുകൾ ജനങ്ങളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കണം. സാധാരണജനങ്ങൾക്കും സമൂഹത്തിലെ വിവിധ ഘടനകളിലുള്ളവരുടെ പ്രതിനിധികൾക്കും രാജ്ഭവനുകളിൽ എത്തിപ്പെടാൻ കഴിയണം. ജനങ്ങൾക്കുമുകളിലാണ് രാജ്ഭവനെന്ന ധാരണയുണ്ടെങ്കിൽ തിരുത്തുകയും ജനങ്ങളുമായി ബന്ധം സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുകയും വേണം -രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ഈമാസം 26-ന് രാജ്ഭവനുകളിലും ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്ന് രാഷ്ട്രപതി നിർദേശിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: president ramnath kovind says about governors role in federal system