ന്യൂഡൽഹി/അഹമ്മദാബാദ്: അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനുള്ള നിധിശേഖരണം തുടങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് 5,00,100 രൂപ സംഭാവനനൽകി. ശ്രീരാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സഹപ്രസിഡന്റ് ഗോവിന്ദ്ദേവ് ഗിരിജി മഹാരാജ്, വി.എച്ച്.പി. വർക്കിങ് പ്രസിഡന്റ് അലോക് കുമാർ, ക്ഷേത്രനിർമാണക്കമ്മിറ്റി തലവൻ നൃപേന്ദ്ര മിശ്ര എന്നിവരാണ് രാഷ്ട്രപതിയെക്കണ്ട് സംഭാവന സ്വീകരിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒരുലക്ഷം രൂപയും ക്ഷേത്ര ട്രസ്റ്റിന് കൈമാറി.
ഗുജറാത്തിൽ ശ്രീരാമമന്ദിർനിധി സമർപ്പൺ സമിതിയുടെ സംസ്ഥാന അധ്യക്ഷനും രാമകൃഷ്ണ ഡയമണ്ട്‌സ് ഉടമയുമായ ഗോവിന്ദ്ഭായ് ധോൽക്കി 11 കോടി രൂപ നൽകി തുടക്കമിട്ടു. സൂറത്തിലെ കെമിക്കൽ കമ്പനിയുടമയായ മഹേഷ് ഖബൂത്തർവാല അഞ്ചുകോടിരൂപ നൽകി. എസ്.ജി.വി.പി. സ്വാമിനാരായൺ ഗുരുകുൽ 51 ലക്ഷം നൽകി.
ഇതുകൂടാതെ, ആദ്യദിവസംതന്നെ 21 കോടി രൂപയുടെ വാഗ്ദാനം എട്ടുവ്യക്തികളിൽനിന്ന് ലഭിച്ചതായി ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. പ്രശസ്ത രാമകഥാകാരനായ മൊറാരി ബാപ്പു 18.61 കോടി രൂപയാണ് വാഗ്ദാനംചെയ്തത്. രാജ്യത്ത് രാമക്ഷേത്രത്തിന് ഏറ്റവുമധികം സംഭാവനനൽകുന്നത് ഗുജറാത്തികളാവുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Content Highlights: President Ramnath Kovind Ram Mandir