ന്യൂഡൽഹി: പൗരത്വനിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ 12 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. ഭരണഘടനാവിരുദ്ധവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമായ ബിൽ പിൻവലിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്ന് നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

സർവകലാശാലകളിലടക്കം രാജ്യത്തു പടരുന്ന അക്രമം അവസാനിപ്പിക്കാൻ ഇടപെടണമെന്നും നേതാക്കൾ അഭ്യർഥിച്ചു. “രാജ്യമെങ്ങും നടക്കുന്ന അക്രമം നിയമത്തിനെതിരേ സാധാരണജനങ്ങളുടെ മനസ്സുകളിൽ ഭയം പടർന്നതിന്റെ തെളിവാണ്. സർക്കാരിന്റെ ഭിന്നിപ്പിച്ചുഭരിക്കുകയെന്ന നയവും വിഭാഗീയ അജൻഡയും രാജ്യത്തിന്റെ സമാധാനം കെടുത്തുകയാണ്” -രാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.

“പ്രതിഷേധങ്ങൾക്കിടയിൽ ചില യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ടതായി വിശ്വസനീയമായ വിവരമുണ്ട്. നൂറുകണക്കിനാളുകൾ അറസ്റ്റിലായി. ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ നിഷ്കളങ്കരായ, പ്രതിഷേധത്തിൽപോലും പങ്കെടുക്കാത്ത വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ചു. സമാധാനപരമായി വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആത്മാവ്. അതിനാൽ അക്രമമുണ്ടാക്കിയവരെ കണ്ടെത്താൻ അന്വേഷണ കമ്മിഷനെ നിയോഗിക്കണം” -നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് അംഗീകരിക്കാനാവാത്ത നിയമനിർമാണങ്ങളാണ് മോദിസർക്കാർ നടത്തുന്നതെന്നും പൗരരുടെ ശബ്ദത്തെ അടിച്ചമർത്തുകയാണെന്നും കൂടിക്കാഴ്ചയ്ക്കുശേഷം സോണിയ മാധ്യമങ്ങളോടു പറഞ്ഞു. “വളരെ ഗുരുതരമായ സാഹചര്യമാണിത്. സമാധാനപരമായി നടത്തുന്ന സമരത്തെ പോലീസ് നേരിടുന്ന രീതിയിൽ ആശങ്കയുണ്ട്. സമരം വ്യാപിക്കുമെന്ന ഭയവും ഞങ്ങൾക്കുണ്ട്” -സോണിയ പറഞ്ഞു.

ഭരണഘടനയുടെ രക്ഷാധികാരി രഷ്ട്രപതിയാണെന്നും ലജ്ജാകരമായ രീതിയിൽ ഭരണഘടന ലംഘിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, കപിൽ സിബൽ, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ.നേതാവ് ടി.ആർ. ബാലു, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ നേതാക്കൾ സംഘത്തിലുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ്, എസ്.പി., ആർ.ജെ.ഡി., നാഷണൽ കോൺഫറൻസ്, എ.ഐ.യു.ഡി.എഫ്. എന്നിവയുടെ പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

Content Highlights: President Ramnath Kovind Opposition parties