ന്യൂഡല്‍ഹി : രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിന്റെ സത്യപ്രതിജ്ഞയും അനുബന്ധ ചടങ്ങുകളും പരമ്പരാഗത രീതിയിലാണ് നടന്നത്. രാവിലെ പതിനൊന്ന് മണിയോടെ രാജ്ഘട്ടിലെത്തി രാംനാഥ് കോവിന്ദും ഭാര്യ സവിതാ കോവിന്ദും മഹാത്മാഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തിരികെ അക്ബര്‍ റോഡിലെ വസതിയിലെത്തിയ ഇവരെ രാഷ്ട്രപതിയുടെ മിലിട്ടറി സെക്രട്ടറി മേജര്‍ ജനറല്‍ അനില്‍ കോസ്ല രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചു. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഇരുവരെയും സ്വീകരിച്ചു.

തുടര്‍ന്ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ പ്രസിഡന്റിന്റെ സുരക്ഷാസേന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അഭിവാദ്യം നല്‍കി. നിയുക്ത രാഷ്ട്രപതിയും ഒപ്പമുണ്ടായിരുന്നു. 11.50-ന് ഇരുവരും രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനമായ കറുത്ത ലിമോസിന്‍ കാറില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചു. പ്രണബ് കുമാര്‍ മുഖര്‍ജി വലതുവശത്തും രാംനാഥ് കോവിന്ദ് ഇടതുവശത്തുമാണ് ഇരുന്നത്. രാഷ്ട്രപതിയുടെ അശ്വാരൂഢ സേന അനുഗമിച്ചു. വഴിയുടെ ഇരുവശത്തും വിന്യസിച്ചിരുന്ന മൂന്ന് സേനകളിലെയും ജവാന്‍മാര്‍ പരമോന്നത സൈനിക മേധാവിക്കും നിയുക്ത മേധാവിക്കും പരമ്പരാഗതരീതിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

12-ന് രാഷ്ട്രപതിയുടെ വാഹനം പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെത്തി. ഇരുവരെയും ഉപരാഷ്ട്രപതി ഡോ.ഹമീദ് അന്‍സാരി, ലോക്‌സഭാ സ്​പീക്കര്‍ സുമിത്രാ മഹാജന്‍, ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേഹര്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു.

മധ്യത്തില്‍ ഒരുക്കിയ പ്രധാന കസേരയില്‍ രാഷ്ട്രപതിയും ഇടതുവശത്ത് നിയുക്ത രാഷ്ട്രപതിയും ഇരുന്നു. സെക്രട്ടറി ജനറല്‍ അനൂപ് മിശ്ര സത്യപ്രതിജ്ഞയ്ക്കായി നിയുക്ത രാഷ്ട്രപതിയെയും സത്യവാചകം ചൊല്ലുന്നതിനായി ചീഫ് ജസ്റ്റിസിനെയും ക്ഷണിച്ചു. 12.10-ന് രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. പുറത്ത് 21 ആചാര വെടികള്‍ മുഴങ്ങി.

ചുമതല കൈമാറ്റത്തിന്റെ പ്രതീകം പോലെ രാഷ്ട്രപതിയുടെ കസേരയില്‍ നിന്ന് പ്രണബ് എഴുന്നേറ്റ് ,പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആ കസേരയിലിരുത്തി. രാഷ്ട്രപതി ഭവനില്‍ നിന്നെത്തിച്ച ഔദ്യോഗികബുക്കില്‍ പുതിയ രാഷ്ട്രപതി ഒപ്പു വച്ചു. തുടര്‍ന്ന് കന്നി പ്രസംഗം ഹിന്ദിയില്‍ നടത്തി. 12.30-ന് ചടങ്ങുകള്‍ അവസാനിച്ചു.

തുടര്‍ന്ന് രാഷ്ട്രപതിയും മുന്‍ രാഷ്ട്രപതിയും ഔദ്യോഗിക വാഹനത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് യാത്രയായി. വാഹനത്തിനുള്ളില്‍ ഇരിപ്പിടങ്ങള്‍ മാറി. രാഷ്ട്രപതി കോവിന്ദ് വലതു വശത്തും മുന്‍ രാഷ്ട്രപതി പ്രണബ് ഇടതു വശത്തുമാണ് ഇരുന്നത്.

രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ കുതിരകളെ പൂട്ടിയ രഥത്തില്‍ രാം നാഥ് കോവിന്ദ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്ക് പോയ രാഷ്ട്രപതി, മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി രഥത്തില്‍ തിരിച്ചു വന്നു. പ്രണബിന് രാഷ്ട്രപതിയുടെ സുരക്ഷാസേന വിട നല്‍കി.

1.35-ന് രാഷ്ട്രപതി മുന്‍ രാഷ്ട്രപതിയെ അദ്ദേഹത്തിന്റെ രാജാജി മാര്‍ഗിലുള്ള പുതിയ വസതിയിലേക്ക് ഔദ്യോഗിക വാഹനത്തില്‍ ആനയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു മുന്‍ രാഷ്ട്രപതിയെ പുതിയ വസതിയില്‍ സ്വീകരിച്ചു.