ന്യൂഡൽഹി: ഇന്ത്യയുടെ 48-ാമത്തെ ചീഫ് ജസ്റ്റിസായി ഏപ്രിൽ 24-ന് ജസ്റ്റിസ് എൻ.വി. രമണ സ്ഥാനമേൽക്കും. 23-ന് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വിരമിക്കുന്ന ഒഴിവിൽ അദ്ദേഹത്തെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിട്ടു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയും നിയമ മന്ത്രാലയത്തിലെ ജസ്റ്റിസ് സെക്രട്ടറി ബരുൺ മിത്രയും ചേർന്ന് രാഷ്ട്രപതി ഒപ്പുവെച്ച നിയമന ഉത്തരവ് ജസ്റ്റിസ് രമണയ്ക്ക് കൈമാറി.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ പൊന്നവരം ഗ്രാമത്തിലെ കർഷക കുടുംബത്തിൽ 1957-ൽ ജനിച്ച രമണ 1983-ലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. 2000 ജൂൺ 27-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയും 2013-ൽ ചീഫ് ജസ്റ്റിസുമായി. 2014 ഫെബ്രുവരി 17-നാണ് സുപ്രീംകോടതിയിലെത്തിയത്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട കേസുൾപ്പെടെ ഒട്ടേറെ സുപ്രധാന വിഷയങ്ങൾ ജസ്റ്റിസ് രമണയുടെ ബെഞ്ച് പരിഗണിച്ചിട്ടുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ കീഴിൽ വരുമെന്ന് വിധിപറഞ്ഞ ബെഞ്ചിലും ജസ്റ്റിസ് രമണ അംഗമായിരുന്നു. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് രമണയെ തന്റെ പിൻഗാമിയായി നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ശുപാർശ നൽകിയിരുന്നു.

Content Highlights: President appoints N.V. Ramana as CJI with effect from April 24