ന്യൂഡൽഹി: ഗർഭിണികൾക്ക് കോവിഡ് പ്രതിരോധകുത്തിവെപ്പ് സ്വീകരിക്കാമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലായം വ്യക്തമാക്കി.

ഇതുസംബന്ധിച്ച് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശകസമിതി സമർപ്പിച്ച ശുപാർശ അംഗീകരിച്ച് മന്ത്രാലയം ഉത്തരവിറക്കി. മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേത്തന്നെ വ്യക്തമാക്കിയിരുന്നു.

ഗർഭിണികൾക്ക് കോവിൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തോ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ വാക്സിനെടുക്കാം. പ്രതിരോധ കുത്തിവെപ്പിനുള്ള മാർഗരേഖ, മെഡിക്കൽ ഓഫീസർമാർക്കുള്ള കൗൺസലിങ് കിറ്റ് തുടങ്ങിയവ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഗർഭകാലത്ത് എപ്പോൾ വേണമെങ്കിലും വാക്സിൻ സ്വീകരിക്കാം.

ഗർഭിണികൾക്ക് കോവിഡ് വന്നാൽ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളാകാനും ഗർഭസ്ഥശിശുവിനെ ബാധിക്കാനും സാധ്യതയുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. കാലാവധി പൂർത്തിയാവാതെയുള്ള പ്രസവം, നവജാത ശിശുവിന്റെ മരണം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. ഈ പശ്ചാത്തലത്തിലാണ് സാങ്കേതികസമിതി സർക്കാരിന് ശുപാർശ നൽകിയത്.

content highlights: pregnant women can get vaccinated