ന്യൂഡല്‍ഹി: ഇരുപത്തിയാറ് ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് കോടതി കണക്കിലെടുത്തു. ഗര്‍ഭം തുടരുന്നത് അമ്മയ്ക്കും നല്ലതല്ലെന്ന് കൊല്‍ക്കത്ത എസ്.എസ്.കെ.എം. ആസ്​പത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
 
അസാധാരണ നിലയിലുള്ള ഭ്രൂണത്തിന്റെ വളര്‍ച്ച അമ്മയുടെ ജീവനും അപകടത്തിലാക്കുമെന്നുകാണിച്ച് യുവതിയും ഭര്‍ത്താവും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഗര്‍ഭസ്ഥശിശുവിനും അമ്മയ്ക്കും ജീവന് അപകടമുണ്ടെങ്കില്‍പ്പോലും 20 ആഴ്ചയ്ക്കുശേഷം ഭ്രൂണഹത്യ നടത്താന്‍ നിയമം അനുവദിക്കുന്നില്ല. ഇരുപത് ആഴ്ചയ്ക്കുശേഷം ഗര്‍ഭച്ഛിദ്രം പാടില്ലെന്നാണ് 1971-ലെ ഗര്‍ഭച്ഛിദ്ര നിയമത്തിലെ വകുപ്പ് 3(2)(ബി)യില്‍ പറയുന്നത്. എന്നാല്‍ 20 ആഴ്ചയിലേറെയായ ഗര്‍ഭം അലസിപ്പിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കണക്കിലെടുത്ത് സുപ്രീംകോടതി അനുമതി നല്‍കിയ ഒന്നിലേറെ സംഭവങ്ങള്‍ അടുത്തിടെയുണ്ടായി.