അഹമ്മദാബാദ്: വിശ്വഹിന്ദുപരിഷത്തില്‍ നിന്ന് പുറത്തു പോയ നേതാവ് പ്രവീണ്‍ തൊഗാഡിയ രാമക്ഷേത്രം മുന്‍നിര്‍ത്തിയുള്ള അനിശ്ചിതകാല സത്യാഗ്രഹത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചു. ഗുജറാത്തിലെ ആര്‍.എസ്.എസ്. നേതാക്കള്‍ നടത്തിയ ഒത്തുതീര്‍പ്പു നീക്കം വിഫലമായതോടെയാണ് സത്യാഗ്രഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.

അഹമ്മദാബാദിലെ ആര്‍.ടി.ഒ. സര്‍ക്കിള്‍ പരിസരത്ത് ചൊവ്വാഴ്ച നിരാഹാരം തുടങ്ങും. പരമാവധി അനുയായികളെ ഒപ്പം നിര്‍ത്താനാണ് പരിവാറിലെ ഈ വിമത നേതാവിന്റെ ശ്രമം.

ഞായറാഴ്ച പുലര്‍ച്ചെ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ തൊഗാഡിയയെ മുദ്രാവാക്യം മുഴക്കി എതിരേല്‍ക്കാന്‍ അനുയായികള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥി തോറ്റതോടെ പ്രസ്ഥാനം വെടിഞ്ഞ് ജന്‍മനാട്ടിലേക്ക് തിരിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും പാല്‍ഡിയിലെ വി.എച്ച്.പി. ആസ്ഥാനത്ത് ആരും അദ്ദേഹത്തെ തടഞ്ഞില്ല. സംസ്ഥാന ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെങ്കിലും അവരാരും മാധ്യമങ്ങളോട് മനസ്സിലിരുപ്പ് പറഞ്ഞില്ല. പക്ഷേ, ഗാന്ധിനഗറിലെ വി.എച്ച്.പി, ബജ്‌റംഗ്!ദള്‍ യൂണിറ്റുകള്‍ പിരിച്ചുവിട്ടതായി പ്രസിഡന്റ് ശക്തിസിങ് ഝാല അറിയിച്ചു.

രാമക്ഷേത്ര നിര്‍മാണത്തിനായി നിയമം കൊണ്ടുവരുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ബി.ജെ.പി. നടപ്പാക്കുക, ഗോഹത്യ നിരോധിക്കുക, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക, കശ്മീരില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഹിന്ദുക്കളെ തിരിച്ചെത്തിക്കുക, രോഹിംഗ്യ മുസ്!ലിങ്ങളെ നാടുകടത്തുക, ക്ഷേത്രങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രണം നീക്കുക, കാര്‍ഷിക വിളകള്‍ക്ക് ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നല്‍കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരാഹാരം നടത്തുന്നത്.

ഗുജറാത്തിലെ ആര്‍.എസ്.എസ്. പ്രാന്തപ്രചാരക് ചിന്തന്‍ ഉപാധ്യായ, പ്രാന്തകാര്യവാഹ് യശ്വന്ത് ചൗധരി, പ്രാന്ത സമ്പര്‍ക്കപ്രമുഖ് നരേഷ്ഭായ് ഠാക്കര്‍ എന്നിവരാണ് തൊഗാഡിയയെ തിങ്കളാഴ്ച സന്ദര്‍ശിച്ച് അനുനയനീക്കം നടത്തിയത്. സൗഹൃദസംഭാഷണത്തിന് എത്തിയെന്നാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ സമരം ഉപേക്ഷിക്കണമെന്ന ആര്‍.എസ്.എസ്. സന്ദേശവുമായാണ് ഇവരെത്തിയതെന്ന് തൊഗാഡിയ പറഞ്ഞു. ആര്‍.എസ്.എസ്. ഉന്നയിക്കുന്ന ആവശ്യങ്ങളാകയാല്‍ അവരും നിരാഹാരത്തിന് വരണമെന്ന് താന്‍ അഭ്യര്‍ഥിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗോരക്ഷകരെ ഗുണ്ടകളെന്ന് വിളിക്കുകയും ജീവപര്യന്തം തടവ് ഉറപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും തൊഗാഡിയ വിമര്‍ശിച്ചു. ഹരിയാണയിലെ ആര്‍.എസ്.എസ്. മുന്‍ പ്രാന്തപ്രചാരകും വി.എച്ച്.പി. ദേശീയ സെക്രട്ടറിയുമായ മഹാവീര്‍ തനിക്കൊപ്പം ചേരുമെന്നും അറിയിച്ചു. എന്നാല്‍ പുതിയ സംഘടന ഉണ്ടാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചില്ല.