ബെംഗളൂരു: കർണാടകത്തിലെ മാണ്ഡ്യ എം.പി.യും നടിയുമായ സുമലതയും മൈസൂരു എം.പി. പ്രതാപ് സിംഹയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായതോടെ ബി.ജെ.പി. നേതൃത്വം ഇടപ്പെട്ടു. മോശം പരാമർശങ്ങൾ നടത്തുന്നതിൽനിന്നു വിട്ടുനിൽക്കാൻ പ്രതാപ് സിംഹക്ക് ബി.ജെ.പി. നേതൃത്വം നിർദേശം നൽകി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പുന്തുണയോടെയാണ് സുമലതാ അംബരീഷ് മാണ്ഡ്യയിൽനിന്നുവിജയിച്ചത്. സുമലത ഒന്നിനും കൊള്ളാത്ത എം.പി.യാണെന്ന ബി.ജെ.പി. യുവനേതാവായ പ്രതാപ് സിംഹയുടെ ആരോപണമാണ് വാക്‌പോരിന് തുടക്കമിട്ടത്. ‘മാണ്ഡ്യയിലെ ജനം സുമലതയ്ക്ക് വോട്ടുചെയ്തത് ദേവഗൗഡാ കുടുംബത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്, മണ്ഡലത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള ശേഷി അവർക്കില്ല, മാണ്ഡ്യയിലെ ജനങ്ങൾക്ക് ഏത് ആവശ്യത്തിനും എന്നെ സമീപിക്കാം, സ്ത്രീകൾ ഒന്നിനും കൊള്ളില്ല’ എന്നിങ്ങനെയാണ് പ്രതാപ് സിംഹ അപഹാസങ്ങളുന്നയിക്കുന്നത്. വിവാദപരാമർശങ്ങളടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയുംചെയ്തു.
സ്വന്തം കഴിവുകേട് മറയ്ക്കാനാണ് പ്രതാപ് സിംഹ തനിക്കെതിരേ ആരോപണമുന്നയിക്കുന്നതെന്ന് സുമലതയും തിരിച്ചടിച്ചു. സ്ത്രീകൾക്ക് അർഹമായ ബഹുമാനം നൽകാൻ തയ്യാറാവുന്നില്ലെന്നും സുമലത ആരോപിച്ചു. നിയമം അനുസരിക്കാത്ത റൗഡിയെപ്പോലെയാണ് പ്രതാപ് സിംഹ സംസാരിക്കുന്നതെന്നും സുമലത മറുപടി നൽകി. സുമലതയുടെ ഭർത്താവ് അംബരീഷ് സിനിമയിൽ വില്ലൻവേഷം അവതരിപ്പിച്ചതിനാലാണ് റൗഡിപ്രയോഗമെന്ന് പ്രതാപ് സിംഹ സുമലതയ്ക്ക് മറുപടി നൽകി.
വാക്‌പോര് രൂക്ഷമായതോടെ ബി.ജെ.പി. സംസ്ഥാനനേതൃത്വം ഇടപെട്ടു. സുമലതക്കെതിരേ മോശം പരാമർശം നടത്തരുതെന്നും സംയമനം പാലിക്കണമെന്നും പ്രതാപ് സിംഹയ്ക്ക് നേതൃത്വം മുന്നറിയിപ്പുനൽകി. സുമലതയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വവും പ്രതാപ് സിംഹയോട് ആവശ്യപ്പെട്ടു. മാണ്ഡ്യയിൽ സുമലതയും മകൻ അഭിഷേകും രാഷ്ട്രീയസ്വാധീനം വിപുലപ്പെടുത്തുന്നതിലുള്ള അസ്വാസ്ഥ്യമാണ് പ്രതാപ് സിംഹയുടെ പരമാർശങ്ങൾക്കുപിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി.യിലെ മറ്റു ചില കേന്ദ്രങ്ങൾക്കും ഇക്കാര്യത്തിൽ വേവലാതിയുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. ബി.ജെ.പി. പിന്തുണയോടെയാണ് കന്നിയങ്കത്തിനിറങ്ങിയ സുമലത അട്ടിമറിവിജയം നേടിയത്.
content highlights: pratap simha against sumalatha