ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ജി.ഡി.പി. വളർച്ചയ്ക്കും സാരമായ പരിക്കേൽപ്പിച്ചതായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആത്മകഥയിൽ. പാർലമെന്റിലെ അസാന്നിധ്യം, വിദേശരാഷ്ട്രത്തലവന്മാരുമായുള്ള സൗഹൃദം തുടങ്ങിയവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഴ്ചകളും ചൂണ്ടിക്കാട്ടുന്നതാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ‘രാഷ്ട്രപതി വർഷങ്ങൾ: 2012-2017’ എന്ന പേരിലുള്ള പ്രണബിന്റെ ആത്മകഥയുടെ നാലാം വാള്യം.

നോട്ട് അസാധുവാക്കൽ ഇടക്കാലത്തേക്കു തൊഴിലില്ലായ്മ വർധിപ്പിച്ചു. നേരിട്ടുള്ള പണവിനിമയം നടത്തുന്ന അനൗപചാരിക മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കി. അവകാശപ്പെട്ടതുപോലെ കള്ളപ്പണം തിരിച്ചെത്തിക്കൽ, കള്ളപ്പണ ഇടപാടുകൾ നിർജീവമാക്കൽ, കാഷ് ലെസ് സമൂഹം വാർത്തെടുക്കൽ തുടങ്ങിയ ലക്ഷ്യങ്ങളും കൈവരിക്കാനായില്ല. അതേസമയം, ജി.എസ്.ടി. നടപ്പാക്കിയത് നല്ല നീക്കമായിരുന്നെന്ന് പ്രണബ് ചൂണ്ടിക്കാട്ടുന്നു.

2015-ലെ ക്രിസ്മസ് ദിനത്തിൽ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസ നേരാൻ അപ്രതീക്ഷിതമായി ലഹോറിൽ ഇറങ്ങിയ മോദിയുടെ നടപടി അനാവശ്യമായിരുന്നു. വിദേശനയത്തിന്റെ പ്രത്യയശാസ്ത്രഭാരമൊന്നും ഇല്ലാതെ വന്നയാളാണ് മോദിയെന്നതിനാൽ അപ്രതീക്ഷിതമായി എന്തും അദ്ദേഹത്തിൽനിന്നു പ്രതീക്ഷിക്കാം. എന്നാൽ, വിദേശരാഷ്ട്രത്തലവന്മാരുമായി മോദി ഉണ്ടാക്കുന്ന വ്യക്തിപരമായ സൗഹൃദങ്ങൾ യുക്തിസഹമല്ലെന്നും പ്രണബ് നിരീക്ഷിക്കുന്നു. ഇതിനായി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയും മോദിയും തമ്മിലുള്ള സൗഹൃദം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പച്ചയായ വസ്തുതകളാൽ നയിക്കപ്പെടുന്നതാണ് രാഷ്ട്രതാത്‌പര്യം. അവിടെ ഇത്തരം വ്യക്തിസൗഹൃദങ്ങളിൽ കാര്യമില്ല. രാജ്യതാത്‌പര്യം മനസ്സിൽ വെച്ചാണ് ചൈനയും സോവിയറ്റ് യൂണിയനുമായൊക്കെ ഇന്ത്യ സഹകരിച്ചിരുന്നതെന്നും അദ്ദേഹം അടിവരയിട്ടു.

പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ കൂടുതലായി സഭയിൽ വരികയും സംസാരിക്കുകയും വേണമെന്നാണ് പ്രധാനമന്ത്രിക്കുള്ള ഉപദേശം. പ്രധാനമന്ത്രിയുടെ സാന്നിധ്യം പാർലമെന്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും. ഇതു തെളിയിക്കാൻ നെഹ്‌റു, ഇന്ദിരാഗാന്ധി, എ.ബി. വാജ്‌പേയി, മൻമോഹൻ സിങ് എന്നിവരുടെ പ്രവർത്തനം മോദിയെ ഓർമിപ്പിക്കുന്നു. എതിർക്കുന്നവരുടെ സ്വരം കേൾക്കാൻ ശ്രദ്ധിക്കണമെന്നും ഉപദേശിക്കുന്നു.

Content Highlights: Pranab Mukharjee Demonetisation