ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധിക്കപ്പെട്ട സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനംപാലിക്കുന്നുവെന്ന് ആരോപിച്ച നടന്‍ പ്രകാശ് രാജിന്റെപേരില്‍ കേസ്. ഉത്തര്‍പ്രദേശിലെ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ ലഖ്‌നൗ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ലഖ്‌നൗ കോടതി ഒക്ടോബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രിയുടെ മൗനം പ്രതിഷേധാര്‍ഹമാണെന്നും ജനങ്ങള്‍ക്കുമുന്നില്‍ മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന ഭരണകര്‍ത്താക്കളാണ് നടനപുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരെന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്. ഉത്തര്‍പ്രദേശിലുള്ളത് മുഖ്യമന്ത്രിയാണോ ക്ഷേത്രപൂജാരിയാണോയെന്നറിയില്ലെന്നും രണ്ടു വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു. ബെംഗളൂരുവില്‍ ഡി.വൈ.എഫ്.ഐ. കര്‍ണാടക സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്യുന്നതിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ബി.ജെ.പി.യും രംഗത്തെത്തിയിരുന്നു.