ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുന്ന മൗനത്തിനെതിരേ നടന്‍ പ്രകാശ് രാജ്.

''പ്രധാനമന്ത്രിയടക്കമുള്ളവരുടേത് മികച്ച അഭിനയമാണ്. അഞ്ച് ദേശീയ അവാര്‍ഡുകള്‍ ലഭിച്ച എനിക്ക് അഭിനയം കണ്ടാല്‍ മനസ്സിലാകും. അഭിനയത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍ ഇവര്‍ക്കു നല്‍കാനാണ് ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ മികച്ച അഭിനയം കാഴ്ചവെക്കുന്ന ഭരണകര്‍ത്താക്കളാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹര്‍' -പ്രകാശ് രാജ് പറഞ്ഞു. ബെംഗളൂരുവില്‍ ഡി. വൈ.എഫ്.ഐ. കര്‍ണാടക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗൗരി ലങ്കേഷിന്റെ വധം സാമൂഹിക മാധ്യമങ്ങള്‍ വഴി ആഘോഷിക്കുന്നവരുടെ ആശയങ്ങള്‍ എല്ലാവര്‍ക്കുമറിയാം. പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിനെ പിന്തുടരുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് നേരേ പ്രധാനമന്ത്രി കണ്ണടയ്ക്കുന്നു. നമ്മുടെ രാജ്യം എങ്ങോട്ടാണ് പേകുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു.

ഉത്തര്‍പ്രദേശിലുള്ളത് മുഖ്യമന്ത്രിയാണോ ക്ഷേത്ര പൂജാരിയാണോയെന്നറിയില്ല. രണ്ടു വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നും പ്രകാശ് രാജ് പരിഹസിച്ചു.

ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രകാശ് രാജ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അദ്ദേഹത്തിന് ഏറെ ആരാധകരുമുണ്ട്.