ന്യൂഡല്‍ഹി: ഫാസിസത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചേരിതിരിഞ്ഞ് സി.പി.എം. ബുദ്ധിജീവികളും. ബി.ജെ.പി. ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് വാദിക്കുന്ന മുന്‍ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സൈദ്ധാന്തികന്‍ ഷംസുള്‍ ഇസ്ലാം രംഗത്തെത്തി. അതേസമയം, കാരാട്ടിനു പിന്തുണയ്ക്കാനെത്തിയത് പ്രഭീര്‍ പുര്‍ക്കായസ്തയായിരുന്നു. ഇരുവരുടെയും ലേഖനങ്ങള്‍ ഒരു വെബ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചു.

ആര്‍.എസ്.എസ്. ഫാസിസ്റ്റ് സംഘടനയല്ലെന്നുള്ള കാരാട്ടിന്റെ സര്‍ട്ടിഫിക്കറ്റ് ഹിന്ദുത്വശക്തികള്‍ വൈകാതെ വിതരണം ചെയ്യുമെന്ന് ഷംസുള്‍ പരിഹസിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ, ഹിന്ദുദേശീയവാദിയാണെന്ന് സ്വയം പ്രഖ്യാപിച്ചു. അങ്ങനെയൊരാള്‍ പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് കാരാട്ടിനെപ്പോലുള്ള നേതാക്കള്‍ ഗൗരവത്തോടെ കാണുന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും ഷംസുള്‍ ഇസ്ലാം അഭിപ്രായപ്പെട്ടു.

ആഗോള സാമ്പത്തികനയത്തിന്റെ പശ്ചാത്തലത്തില്‍ വേണം വലതുപക്ഷത്തെ വിലയിരുത്താനെന്നാണ് കാരാട്ടിനെ പിന്തുണച്ച് പ്രഭീര്‍ പുര്‍ക്കായ്‌സ്തയുടെ വാദം. ഹിന്ദുത്വരാഷ്ട്രീയത്തെ ചെറുക്കാന്‍ ദ്വിമുഖതന്ത്രം വേണം. ബഹുജനപ്രക്ഷോഭമാണ് ഒരു വഴി. രണ്ടാമത്തെ തിരഞ്ഞെടുപ്പുതന്ത്രം പരിപാടി അധിഷ്ഠിതമായിരിക്കണം. കോണ്‍ഗ്രസ്സുമായി സഹകരിച്ചാല്‍ അതു വലതുപക്ഷം ശക്തിപ്പെടാനും വ്യാജസാംസ്‌കാരിക ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ബി.ജെ.പി.ക്ക് ഇടം നല്‍കാനും മാത്രമേ സഹായിക്കൂവെന്നും പുര്‍ക്കായസ്ത വാദിക്കുന്നു.