ന്യൂഡല്‍ഹി: കരസേനാ മേധാവി ബിപിന്‍ റാവത്തിനുനേരേ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ വിമര്‍ശനം വിവാദത്തില്‍. കാരാട്ട് എഡിറ്ററായ 'പീപ്പിള്‍സ് ഡെമോക്രസി'യില്‍ എഴുതിയ മുഖപ്രസംഗത്തില്‍ കശ്മീര്‍ജനതയെ അടിച്ചമര്‍ത്തുന്നതില്‍ മോദിസര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് കരസേനാ മേധാവിക്കെന്ന് വിമര്‍ശിച്ചിരുന്നു. ദേശീയതലത്തില്‍ ചര്‍ച്ചയായ ഈ പരാമര്‍ശത്തിനുനേരേ സി.പി.എം., പാകിസ്താന്റെ വക്താക്കളാണെന്ന് കുറ്റപ്പെടുത്തി ബി.ജെ.പി. നേതാവ് ജി.വി.എല്‍. നരസിംഹറാവു രംഗത്തെത്തി.

കല്ലേറിനുപകരം വെടിവെച്ചിരുന്നെങ്കില്‍ താന്‍ തൃപ്തനാവുമായിരുന്നെന്നും എങ്കില്‍ ആഗ്രഹംപോലെ പ്രവര്‍ത്തിക്കാമായിരുന്നുവെന്നും കശ്മീര്‍ വിഷയത്തെക്കുറിച്ച് അഭിമുഖത്തില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. കശ്മീര്‍സ്വദേശിയെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കി ഉപയോഗിച്ച മേജര്‍ നിതിന്‍ ഗൊഗോയിയുടെ നടപടിയെയും കരസേനാ മേധാവി ന്യായീകരിച്ചു. ഇതു രണ്ടും പരാമര്‍ശിച്ചായിരുന്നു കാരാട്ടിന്റെ മുഖപ്രസംഗം.

'സേനയുടെ നിലവാരത്തെ തകര്‍ക്കുന്നതാണ് കരസേനാമേധാവിയുടെ അഭിപ്രായം. മനുഷ്യകവചം സൃഷ്ടിച്ചത് ശരിയല്ലെന്ന് ഒട്ടേറെ മുന്‍ കരസേനാമേധാവികള്‍തന്നെ പറയുകയുണ്ടായി. സ്വന്തംപൗരന്മാര്‍ക്കെതിരേ പട്ടാളത്തെ ഉപയോഗിക്കരുതെന്നാണ് അവരെല്ലാംപറഞ്ഞത്. സായുധരായ ഭീകരവാദികളെയും പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെയും ഒരുപോലെ കാണുകയാണ് കരസേനാമേധാവി. കശ്മീരിജനതയെ അടിച്ചമര്‍ത്താന്‍ശ്രമിക്കുന്ന മോദിസര്‍ക്കാരിന്റെ നിലപാട് പ്രതിഫലിപ്പിക്കുകയാണ് കരസേനാ മേധാവി. ഇത് കശ്മീരിലെ ജനങ്ങള്‍ക്കുമാത്രമല്ല, സേനയ്ക്കും പരിഹരിക്കാനാവാത്ത പരിക്കേല്‍പ്പിക്കും'' -മുഖപ്രസംഗം ഇങ്ങനെ അഭിപ്രായപ്പെട്ടു. മുഖവാരികയിലുള്ളത് പാര്‍ട്ടിനിലപാടാണെന്ന് കാരാട്ട് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

'ചൈന-പാകിസ്താന്‍ മൗത്ത്പീസ്' എന്നതിന്റെ ചുരുക്കപ്പേരാണ് സി.പി.എമ്മെന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍. നരസിംഹറാവു കുറ്റപ്പെടുത്തി. സേനയ്‌ക്കെതിരെ എല്ലാ അതിരുകളും കടന്നുള്ളതാണ് സി.പി.എമ്മിന്റെ വിമര്‍ശനമെന്നും ബി.ജെ.പി. ആരോപിച്ചു. കാരാട്ടിന്റെ മുഖപ്രസംഗം ദേശീയ മാധ്യമങ്ങളും വലിയ വാര്‍ത്തയാക്കി.