ന്യുഡല്‍ഹി : പുതിയ മാനവശേഷി വികസനമന്ത്രിയായി പ്രകാശ് ജാവദേക്കര്‍ വ്യാഴാഴ്ച ചുമതലയേറ്റു. മുന്‍മന്ത്രി സ്മൃതി ഇറാനി ചുമതലയേല്‍ക്കല്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നു. വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനാണ് മാനവശേഷി മന്ത്രാലയത്തിന്റെ ഉയര്‍ന്ന പരിഗണനയെന്ന് ചുമതലയേറ്റശേഷം പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

വിദ്യാഭ്യാസഗുണനിലവാരംതന്നെയാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ജീവിതത്തിനും സംസ്‌കാരത്തിനും അടിത്തറയിടുന്നതിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രധാനമാണ്. തൊഴില്‍നേടാന്‍ മാത്രമല്ല, വിദ്യാഭ്യാസമെന്നും മന്ത്രി പറഞ്ഞു. ചുമതലയേറ്റശേഷം മന്ത്രാലയം ഉദ്യോഗസ്ഥരുടെ യോഗവും മന്ത്രി വിളിച്ചുചേര്‍ത്തു.

പ്രകാശ് ജാവദേക്കര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍നിന്ന് മാനവശേഷി വകുപ്പ് നഷ്ടമായ മന്ത്രി സ്മൃതി ഇറാനി വിട്ടുനിന്നത് ശ്രദ്ധേയമായി. എന്നാല്‍, ചില കുടുംബകാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് സ്മൃതി എത്താതിരുന്നതെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് ജാവദേക്കര്‍ പ്രതികരിച്ചത്. കഴിഞ്ഞദിവസം താന്‍ സ്മൃതി ഇറാനിയെ കണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലാ കാമ്പസ്സുകളിലെ വിവാദവിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ജാവദേക്കര്‍ വ്യക്തമാക്കി. രാഷ്ട്രീയം വിദ്യാഭ്യാസത്തില്‍ കലര്‍ത്തേണ്ടതില്ല. താനും വിദ്യാര്‍ഥിസമരങ്ങളിലൂടെ വളര്‍ന്നുവന്നയാളാണെന്ന് അദ്ദേഹം പറഞ്ഞു. ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണ്. യുക്തമായ ചര്‍ച്ചകള്‍ നടക്കുമെങ്കില്‍, സമരങ്ങള്‍ നടത്തേണ്ട കാര്യമില്ലെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.