ന്യൂഡൽഹി: അവശ്യസേവന രംഗത്തുള്ള മാധ്യമപ്രവർത്തകരെയും ഡോക്ടർമാരെയും തടഞ്ഞാൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരുമടക്കം അവശ്യസേവന രംഗത്തുള്ളവരെല്ലാം സ്വന്തം സുരക്ഷ അവഗണിച്ച് സമൂഹത്തിനുവേണ്ടിയാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുന്നതെന്നു മന്ത്രി പ്രകാശ് ജാവഡേക്കർ ചൂണ്ടിക്കാട്ടി.

മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് വിഷയം ഉയർന്നുവന്നത്. കൊറാണ ഭീതിമൂലം ചില മാധ്യമപ്രവർത്തകരെ അവർ താമസിക്കുന്നിടങ്ങളിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും ഒരു ഹൗസിങ് സൊസൈറ്റി മാധ്യമപ്രവർത്തകനോടു വീടൊഴിയാൻ ആവശ്യപ്പെട്ടെന്നും പരാതി ഉയർന്നു. റോഡിൽ തടയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളുടെ വിവരം പ്രത്യേകം നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.

പ്രതിസന്ധിഘട്ടത്തിൽ പ്രവർത്തിച്ച് സമൂഹത്തിനു വിവരങ്ങൾ എത്തിക്കുകയാണ് മാധ്യമപ്രവർത്തകർ ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവർക്കുകൂടി വേണ്ടിയാണ് രാജ്യത്തെ 130 കോടി ജനങ്ങളും കഴിഞ്ഞ ഞായറാഴ്ച കൈയടിച്ചത്. അവർക്കെതിരേ ആരുടെ ഭാഗത്തുനിന്നും ഇതുപോലുള്ള നടപടികൾ ഉണ്ടാവുന്നത് ശരിയല്ല -മന്ത്രി പറഞ്ഞു.