വികസനവും പരിസ്ഥിതിസംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. പരിസ്ഥിതി-വനം മന്ത്രിയായി ചുമതലയേറ്റശേഷം ശനിയാഴ്ച മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലം, അഗ്നി, വായു, ഭൂമി, ആകാശം എന്നീ അഞ്ചു ഘടകങ്ങളെ സംരക്ഷിക്കുകയാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ ചുമതല. പരിസ്ഥിതി സംരക്ഷിക്കുമ്പോൾ പുരോഗതി കൈവരിക്കാനാവില്ലെന്നാണ്‌ പൊതുവേ കരുതുന്നത്. അതു ശരിയല്ല. സാമ്പത്തികവളർച്ചയും പരിസ്ഥിതിസംരക്ഷണവും സമാന്തരമായി കൊണ്ടുപോകാൻ കഴിയും. നിയന്ത്രിക്കുന്ന തലത്തിൽമാത്രം ഒതുങ്ങാതെ, സൗകര്യമൊരുക്കുന്ന സംവിധാനം കൂടിയായി പരിസ്ഥിതിമന്ത്രാലയം മാറുമെന്ന് മന്ത്രി പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് പരിസ്ഥിതിമന്ത്രിയായി ജാവഡേക്കറും സഹമന്ത്രിയായി ബാബുൾ സുപ്രിയോയും ചുമതലയേറ്റത്. പരിസ്ഥിതിസെക്രട്ടറി സി.കെ. മിശ്ര ഇരുവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മോദി മന്ത്രിസഭയിൽ രണ്ടുവർഷം ജാവഡേക്കർ പരിസ്ഥിതിവകുപ്പിന്റെ ചുമതല വഹിച്ചിരുന്നു. വാർത്താവിതരണമന്ത്രാലയത്തിന്റെ ചുമതല വെള്ളിയാഴ്ച അദ്ദേഹം ഏറ്റെടുത്തിരുന്നു.