ഭോപാൽ: ബാസ്കറ്റ് ബോൾ കോർട്ടിലെ പ്രകടനത്തിനു പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾ കെട്ടടങ്ങും മുമ്പേ വിവാഹവേദിയിൽ നൃത്തം ചെയ്ത് വീണ്ടും വിമർശനങ്ങൾക്ക് വഴിയൊരുക്കി ബി.ജെ.പി. എം.പി. പ്രജ്ഞാ സിങ്.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകാതിരുന്ന പ്രജ്ഞയുടെ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ ഒട്ടേറെ പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്.

ഭോപാലിലെ പ്രജ്ഞയുടെ വസതിയിൽ നടന്ന വിവാഹ പരിപാടിയിൽ നൃത്തം ചെയ്യുന്നതും മറ്റുള്ളവരെ നൃത്തത്തിനായി ക്ഷണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പാവപ്പെട്ട കുടുംബത്തിലെ രണ്ടുപേരുടെ വിവാഹമാണ് പ്രജ്ഞയുടെ വീട്ടിൽ വെച്ച് നടന്നത്. കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

മലേഗാവ് സ്ഫോടനക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രജ്ഞ ആരോഗ്യ പ്രശ്നങ്ങൾ കാരണം കേസിൽ നേരിട്ട് ഹാജരാകുന്നതിൽന്ന് ഒഴിവാക്കണമെന്നാവശ്യപ്പട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.