ഭോപാൽ: ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചക്രക്കസേരയിൽ മാത്രമേ സഞ്ചരിക്കാനാവൂവെന്നും കാട്ടി കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ ഹാജരാവുന്നതിൽനിന്നൊഴിഞ്ഞ ഭോപാലിലെ ബി.ജെ.പി. എം.പി. പ്രജ്ഞാസിങ് ഠാക്കൂർ ബാസ്കറ്റ് േബാൾ കളിക്കുന്ന വീഡിയോ വൈറലാവുന്നു.

ഭോപാലിലെ സാകേത് നഗറിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം പ്രജ്ഞ അടുത്തുള്ള കോർട്ടിൽ പരിശീലനംനടത്തുന്നവരുടെ അടുത്തെത്തി പന്തുമായി മുന്നേറി അത് കൃത്യമായി വലയിലിടുന്നതാണ് വീഡിയോയിലുള്ളത്.

മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞയോട് കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ പ്രത്യേക എൻ.ഐ.എ. കോടതി ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു. അന്ന് കോടതിയിൽ ഹാജരായ അവർ, തനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വീൽച്ചെയറിലാണെന്നും തുടർന്ന് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകുകയും ചെയ്തു. ഇത് അംഗീകരിച്ച കോടതി ഇളവും അനുവദിച്ചു.

ഇപ്പോൾ പ്രജ്ഞ ബാസ്കറ്റ് േബാൾ കളിക്കുന്ന വീഡിയോ പ്രചരിച്ചതോടെ കോൺഗ്രസ് പരിഹാസവുമായി രംഗത്തെത്തി. എണീറ്റുനടക്കാൻ കഴിയാത്തവിധം മോശമാണ് അവരുടെ ആരോഗ്യസ്ഥിതി എന്നാണ് കരുതിയത്, എന്നാൽ, പ്രജ്ഞ ആരോഗ്യവതിയായി ബാസ്‌കറ്റ് േബാൾ കളിക്കുന്നതുകണ്ടതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് വക്താവ് നരേന്ദ്ര സാലുജ പറഞ്ഞു.

2008 സെപ്റ്റംബർ 29-നാണ് മഹാരാഷ്ട്രയിലെ മലേഗാവിൽ പള്ളിക്കുസമീപം മോട്ടോർ സൈക്കിളിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേർ കൊല്ലപ്പെട്ടത്. 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് പ്രജ്ഞ അന്വേഷണം നേരിടുന്നത്.

content highlights: pragya singh playing basket ball video recieves criticism from congress