മുംബൈ: എൻ.സി.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫുൽ പട്ടേലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ചു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ ഇഖ്ബാൽ മിർച്ചിയുടെ ഭാര്യ ഹജ്‌റ മേമനുമായുള്ള വസ്തു ഇടപാടുകൾ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിന് വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾമാത്രം ശേഷിക്കെയാണ് എൻ.സി.പി.യുടെ പ്രമുഖനേതാവായ പ്രഫുൽ പട്ടേലിനെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്. മൻമോഹൻ സിങ് സർക്കാരിൽ വ്യോമയാനമന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽ.

മുംബൈയിലെ വർളിയിലുള്ള സിജേ ഹൗസിന്റേതുൾപ്പെടെയുള്ള വസ്തു ഇടപാടുകളാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നത്. ഇത് ഹജ്‌റ മേമന്റെ ഉടസ്ഥതയിലുള്ളതാണെന്നും കെട്ടിടംനിൽക്കുന്ന സ്ഥലം മുമ്പ് ഇക്ബാൽ മിർച്ചിയുടേതായിരുന്നുവെന്നും ഇ.ഡി. പറയുന്നു. മയക്കുമരുന്നു കടത്തുകാരനായ ഇഖ്ബാൽ മിർച്ചി 2013 -ൽ ലണ്ടനിൽ മരിച്ചു. 2005 -ൽ പ്രഫുൽ പട്ടേൽ സീജേ ഹൗസ് പുതുക്കിപ്പണിയുകയായിരുന്നുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആരോപണം. ഇടപാടുകളുമായി ബന്ധപ്പെട്ട് ഹജ്‌റയുടെ സഹോദരൻ മുഖ്താർ മേമനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

കരാറിൽ ഹജ്‌റയുടെയും പ്രഫുൽ പട്ടേലിന്റെയും ഒപ്പുകൾ ഒരേ പേജിലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബി.ജെ.പി. വക്താവ് സാംബിത് പത്ര ആരോപിച്ചു. അതേസമയം 1978 മുതൽ 2005 വരെ ഈ വസ്തു കോടതി റിസീവറുടെ കൈവശമായിരുന്നുവെന്നും പ്രഫുൽ പട്ടേലിനെതിരായ ആരോപണങ്ങൾ തള്ളുന്നതായും എൻ.സി.പി. വ്യക്തമാക്കി.

Content highlights: Praful Patel Mumbai ED