ന്യൂഡൽഹി: എയർ ഇന്ത്യയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചോദ്യംചെയ്യാനുള്ള എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കത്തിൽനിന്ന് മുൻ വ്യോമയാന മന്ത്രി ഫ്രഫുൽ പട്ടേൽ ഒഴിഞ്ഞുമാറി.

ചില അസൗകര്യങ്ങളുണ്ടെന്നും ചോദ്യംചെയ്യലിന്‌ ഹാജരാകാൻ മറ്റൊരുദിവസം അനുവദിക്കണമെന്നും അദ്ദേഹം ഇ.ഡി. മുമ്പാകെ ആവശ്യപ്പെട്ടു. ജൂൺ ആറിന്‌ ഹാജരാകാനാണ് പട്ടേലിനോട് ആവശ്യപ്പെട്ടത്. മുൻ യു.പി.എ. സർക്കാരിന്റെകാലത്ത് എയർ ഇന്ത്യ ലാഭകരമായി സർവീസ് നടത്തിയിരുന്ന റൂട്ടുകളും സമയവും സ്വകാര്യ വിമാനക്കമ്പനിക്ക്‌ മറിച്ചുനൽകിയെന്നാണ് കേസ്.

ക്രിമിനൽ ഗൂഢാലോചന, തട്ടിപ്പ്, വിദേശ വിനിമയ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഈ കേസിൽ ഇടനിലക്കാരനായ ദീപക് തൽവാറിനെ അടുത്തിടെ ഇ.ഡി. അറസ്റ്റുചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഫുൽ പട്ടേലിലേക്ക്‌ നീങ്ങിയത്. പട്ടേലുമായി ദീപക് തൽവാർ നടത്തിയ ഇ-മെയിൽ ഇടപാടുകളും അന്വേഷണസംഘത്തിന്‌ ലഭിച്ചിരുന്നു.

Content Highlights: Praful Patel, ED