ന്യൂഡൽഹി : ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് എയർ ഇന്ത്യയുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിൽ അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ വ്യോമയാനമന്ത്രി പ്രഫുൽ പട്ടേലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. ജൂൺ ആറിന്‌ ഡൽഹിയിൽ ഹാജരാകാനാണ് നിർദേശം.

എയർ ഇന്ത്യയുടെ ലാഭകരമായ റൂട്ടുകളും വിമാന സർവീസുകളുടെ സമയവും വിദേശ സ്വകാര്യഎയർലൈനുകൾക്കു മറിച്ചുനൽകിയതുവഴി കോടികളുടെ അഴിമതി നടന്നെന്നാണ്‌ കേസ്. ക്രിമിനൽ ഗൂഢാലോചന, തട്ടിപ്പ്്്, വിദേശ വിനിമയ നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇപ്പോൾ രാജ്യസഭാംഗമാണ്‌ എൻ.സി.പി. നേതാവായ പ്രഫുൽ പട്ടേൽ. അന്വേഷണത്തോട്‌ പൂർണമായും സഹകരിക്കുമെന്ന്് അദ്ദേഹം മുംബൈയിൽ പറഞ്ഞു.

ഇടനിലക്കാരനായ ദീപക് തൽവാറിനെ അടുത്തിടെ അറസ്റ്റു ചെയ്തതിനെത്തുടർന്നാണ് പട്ടേലിന്റെ പങ്കുവെളിവായതെന്ന് ഇ.ഡി. പറയുന്നു. കുഴൽപ്പണ ഇടപാടിന്റെ വിവരങ്ങൾ തൽവാർ അധികൃതരോട് വെളിപ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്‌സ്, എയർ അറേബ്യ, ഖത്തർ എയർവേയ്‌സ് തുടങ്ങിയ കമ്പനികൾക്കുവേണ്ടി തൽവാർ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. പട്ടേലുമായി ഇയാൾ നടത്തിയ ഇ-മെയിൽ സന്ദേശങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. വിദേശ എയർലൈൻസുകളിൽനിന്ന് 272 കോടി രൂപ തൽവാറിനു ലഭിച്ചിരുന്നെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

വ്യോമയാന മന്ത്രാലയം, നാഷണൽ ഏവിയേഷൻ കമ്പനി ഇന്ത്യ ലിമിറ്റഡ്, എയർ ഇന്ത്യ എന്നിവയിലെ ചില ഉദ്യോഗസ്ഥർക്ക്‌ അഴിമതിയിൽ പങ്കുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇ.ഡി. അധികൃതർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

Content Highlights: Praful Patel, ED