ന്യൂഡൽഹി : രാജ്യത്തെ ബുദ്ധിവൈഭവമുള്ള യുവജനത ഉന്നതപഠനത്തിനായി വിദേശരാജ്യങ്ങളിൽ പോവുകയും അവിടെ മികച്ചജോലിയുമായി സ്ഥിരതാമസമാക്കുകയും ചെയ്യുന്ന പ്രവണതയ്ക്ക് പരിഹാരം കാണാൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര സർക്കാർ. തിരികെ ഇന്ത്യയിലെത്തി അഞ്ചുവർഷം ജോലിചെയ്യണമെന്ന നിബന്ധനയോടെ പ്രമുഖ രാജ്യാന്തര സർവകലാശാലകളിൽ പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറൽ പഠനത്തിന് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ആലോചനയിലുള്ളത്. എൻജിനീയർമാർ, ശാസ്ത്രജ്ഞർ, ഐ.ടി. വിദഗ്ധർ തുടങ്ങി പ്രത്യേക വൈദഗ്ധ്യമുള്ളവരെ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരികെ കൊണ്ടുവരുകയെന്നതാണ് ലക്ഷ്യം.

‘പ്രധാനമന്ത്രി യുവ അക്കാദമീഷ്യൻ’ എന്ന പേരിലുള്ള പദ്ധതി വഴി ലോകത്തെ മികച്ച 200 സർവകലാശാലകളിൽ പഠനത്തിനായി അഞ്ചുവർഷത്തേക്കാണ് സ്‌കോളർഷിപ്പ് നൽകുക. പഠനം കഴിഞ്ഞാൽ തിരികെയെത്തി കുറഞ്ഞത് അഞ്ചുവർഷമെങ്കിലും പ്രവർത്തിക്കണം. താത്പര്യമുള്ള സ്ഥാപനങ്ങളിൽ ഇവർക്ക് നിയമനം നൽകും. 40 വയസ്സുവരെ ഉള്ളവരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.

നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ ശാസ്ത്ര ഉപദേഷ്ടാവ് വിജയ് രാഘവൻ, ഐ.എസ്.ആർ.ഒ. മുൻ മേധാവി കെ. കസ്തൂരിരംഗൻ, ഇൻഫോസിസ് മുൻ സി.ഇ.ഒ. ക്രിസ് ഗോപാലകൃഷ്ണൻ, മാനവശേഷി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട വിദഗ്‌ധസമിതിയെയാണ് പദ്ധതി തയ്യാറാക്കുന്നതിനായി നിയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം നടത്തിയ ചർച്ചയ്ക്കുശേഷം മാനവശേഷിമന്ത്രി രമേഷ് പൊഖ്രിയാലിന് സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

വിദേശത്തെ മികച്ച 200 സർവകലാശാലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരായ വിദഗ്ധരെ തിരികെ രാജ്യത്ത് എത്തിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതുപ്രകാരം വിദേശത്തും ഇന്ത്യയിലും ഒരേസമയം പ്രവർത്തിക്കാനുള്ള അവസരം അവർക്ക് നൽകും. വർഷത്തിൽ കുറഞ്ഞത് മൂന്നുമാസമാണ് ഇന്ത്യയിൽ ജോലിചെയ്യേണ്ടത്. പിഎച്ച്.ഡി.യോ പോസ്റ്റ് ഡോക്ടറലോ ചെയ്യുന്ന രണ്ടു ഇന്ത്യൻ വിദ്യാർഥികളെ പ്രതിവർഷം ഇവർ ഗൈഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. നിലവിൽ 3,06,000 ഇന്ത്യൻ വിദ്യാർഥികളാണ് വിദേശത്ത് പഠിക്കുന്നത്. അതേസമയം, രാജ്യത്ത് പഠനത്തിനെത്തിയിരിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം 46,000 മാത്രമാണ്.

content highlights: pradhan mantri yuva academician yojana