ന്യൂഡല്‍ഹി: പ്രഭാവര്‍മ രചിച്ച 'ശ്യാമമാധവം' എന്ന ഖണ്ഡകാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കി രചിച്ച ഈ കൃതിയില്‍ കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ 15 അധ്യായങ്ങളുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവുവാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡോ.എം. ലീലാവതി, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. വി. സുകുമാരന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിനുള്ള മലയാളകൃതി തിരഞ്ഞെടുത്തത്. പരമ്പരാഗത കാവ്യരീതികളെ പുതിയ കാലവുമായി ബന്ധിപ്പിക്കുന്ന മനോഹരമായ സൃഷ്ടിയാണ് ശ്യാമമാധവമെന്ന് സമിതി വിലയിരുത്തി. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 22-നു ഡല്‍ഹിയില്‍ വിതരണം ചെയ്യും.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് പ്രഭാവര്‍മ. സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ആര്‍ദ്രം, അവിചാരിതം എന്നിവയാണ് മുഖ്യ കവിതാ സമാഹാരങ്ങള്‍.
സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ഭാഷാ സമ്മാന്‍ പുരസ്‌കാരം ഡോ. ആനന്ദ് പ്രകാശ് ദീക്ഷിതിനും നഗല്ല ഗുരുപ്രസാദ് റാവുവിനും ലഭിച്ചു.