Prabha Varmaന്യൂഡല്‍ഹി: കവി പ്രഭാവര്‍മ കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹകസമിതിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മലയാള ഭാഷാവിഭാഗത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ പ്രാതിനിധ്യം.

മലയാളി എഴുത്തുകാരാരും അദ്ദേഹത്തെ നിര്‍വാഹകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തില്ലെന്നതും ശ്രദ്ധേയമായി. ബാലചന്ദ്രന്‍ വടക്കേടത്ത്, അജിത്കുമാര്‍ എന്നിവര്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ്. അവര്‍ നിര്‍വാഹകസമിതിയിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും യോഗത്തില്‍ ആരും പേരു നിര്‍ദേശിച്ചില്ല.

പക്ഷേ, പ്രഭാവര്‍മയെ അസമി എഴുത്തുകാരന്‍ ധ്രിപ് ജ്യോതി ബോറോ നിര്‍വാഹക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തു. ബംഗാളി സാഹിത്യകാരന്‍ അക്ബര്‍ അഹമ്മദ് പിന്തുണച്ചു. തുടര്‍ന്ന്, അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മലയാള വിഭാഗത്തിന്റെ കണ്‍വീനറും അദ്ദേഹമായിരിക്കും.

ജനാധിപത്യ-മതനിരപേക്ഷമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെ വേദിയാണ് കേന്ദ്ര സാഹിത്യ അക്കാദമിയെന്നും അതിന്റെ സ്വഭാവം തകര്‍ക്കാന്‍ കുറച്ചുവര്‍ഷമായി ശ്രമംനടക്കുന്നുണ്ടെന്നും പ്രഭാവര്‍മ പ്രതികരിച്ചു. ഇത്തരം പ്രശ്‌നങ്ങളില്‍ അക്കാദമിയുടെ സ്വഭാവം മനസ്സിലാക്കിവേണം എഴുത്തുകാര്‍ പ്രതികരിക്കാന്‍. അക്കാദമിക്കൊപ്പംനിന്നു പോരാട്ടം നടത്തുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടതെന്നും പ്രഭാവര്‍മ പറഞ്ഞു.