ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം സ്വീകരിക്കണോയെന്ന് രണ്ടുവട്ടം ചിന്തിച്ചെന്ന് കവി പ്രഭാവര്‍മ. എം.എം. കല്‍ബുര്‍ഗി, നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരെ ഇല്ലായ്മചെയ്തതില്‍ പ്രതിഷേധിച്ച് എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമ്പോള്‍ എങ്ങനെ സ്വീകരിക്കും എന്നായിരുന്നു ചിന്ത. എന്നാല്‍ അക്കാദമിയുടെ തലപ്പത്ത് കേന്ദ്രസര്‍ക്കാര്‍ തിരുകിക്കയറ്റിയവരല്ല, പ്രബുദ്ധരായ എഴുത്തുകാരാണുള്ളത്. അതുകൊണ്ടുതന്നെ ഈ പുരസ്‌കാരത്തെ നിഷേധിക്കാനാകില്ല.-സാഹിത്യ അക്കാദമി പുരസ്‌കാരംനേടിയ എഴുത്തുകാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഘത്തിന് മഴയായി പെയ്യാതിരിക്കാനാകില്ല, മൊട്ടിന് പൂവായി വിരിയാതിരിക്കാനാകില്ല, അതുപോലെ തന്നെയാണ് കവിതയും. എന്തിനുവേണ്ടിയാണ് എഴുതുന്നത് എന്നന്വേഷിച്ച് ഒരുപാട് അലഞ്ഞു. എന്നാല്‍ ഉത്തരം ഉള്ളില്‍ത്തന്നെയുണ്ട്. നാം കാണുന്നില്ലെന്നേയുള്ളൂ. ചിലനേരത്ത് ആത്മഹത്യാമുനമ്പില്‍നിന്ന് ജീവിതത്തിലേക്കുള്ള വെളിച്ച രേഖയായി കവിതമാറും. -കവിതയുടെ മാന്ത്രികതയെക്കുറിച്ച് അദ്ദേഹം വാചാലനായി.

മുമ്പ് ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ കവി ഒളപ്പമണ്ണ അക്കാദമി അവാര്‍ഡ് സ്വീകരിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തത് പ്രഭാവര്‍മ ഓര്‍ത്തെടുത്തു. പുരസ്‌കാരംനേടിയ ശ്യാമമാധവത്തെക്കുറിച്ചുള്ള പഠനങ്ങളും ലേഖനങ്ങളും പുസ്തകരൂപത്തില്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമിയിലെ അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന യുവകവികളുടെ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനംചെയ്ത് സംപ്രീത കേശവന്‍ കവിതകള്‍ ചൊല്ലി. എഴുത്തുകാരായ ബി. ജയമോഹന്‍, ജി. വെങ്കണ്ണ തുടങ്ങിയവരും പങ്കെടുത്തു.