മുംബൈ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനായി ഇന്ത്യ നടത്തുന്ന തയ്യാറെടുപ്പുകൾ ദാരിദ്ര്യംമറയ്ക്കൽ പദ്ധതിയാണെന്ന് ശിവസേന. അടിമത്തമനോഭാവത്തിന്റെ പ്രതിഫലനമാണിതെന്നാണ് പാർട്ടി പത്രമായ ‘സാമ്‌ന’ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തിയത്.

ഗുജറാത്ത് സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പത്രം രൂക്ഷമായി വിമർശിച്ചു. ചക്രവർത്തി സാമന്തരാജ്യം സന്ദർശിക്കുന്നതുപോലെയാണ് ട്രംപിന്റെ വരവിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിലെ ചേരിപ്രദേശങ്ങൾ മതിലുകെട്ടി മറയ്ക്കുകയാണ്. ഇതുകൊണ്ട് ഇന്ത്യൻ രൂപയുടെ മൂല്യം വർധിക്കുകയോ ചേരികളിലെ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുകയോ ചെയ്യില്ലെന്നും പത്രം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് രാജാവോ രാജ്ഞിയോ ഇന്ത്യയെപ്പോലുള്ള കോളനിരാജ്യങ്ങളിൽ വർഷത്തിലൊരിക്കൽ സന്ദർശനം നടത്തുമായിരുന്നു. അതുപോലുള്ള തയ്യാറെടുപ്പുകളാണ്, നികുതിദായകരിൽനിന്നു പിരിച്ചെടുത്ത പണമുപയോഗിച്ച് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇന്ത്യക്കാരുടെ അടിമത്തമനോഭാവമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ‘സാമ്‌ന’ വിമർശിക്കുന്നു.

അഹമ്മദാബാദിലെ ചേരികൾ മറയ്ക്കാൻ മതിലുപണിയുന്ന നടപടിയെ ‘സാമ്‌ന’ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം തുടച്ചുമാറ്റുക) എന്നൊരു മുദ്രാവാക്യം ഉയർത്തിയിരുന്നു. വളരെക്കാലം ആ മുദ്രാവാക്യം പരിഹസിക്കപ്പെട്ടതാണ്. എന്നാൽ, ഇന്ന് മോദിയുടെ പദ്ധതി ‘ഗരീബി ചുപാവോ’ (ദാരിദ്യം ഒളിച്ചുവെക്കുക) എന്നതാണെന്നും ‘സാമ്‌ന’ പറയുന്നു. ട്രംപ് മൂന്നുമണിക്കൂർമാത്രമാണ് അഹമ്മദാബാദിൽ ഉണ്ടാവുകയെന്നാണ് അറിയുന്നത്. എന്നാൽ, മതിലുപണി സർക്കാർഖജനാവിന് നൂറുകോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു.

Content Highlights: Samna editorial