ന്യൂഡൽഹി: അടുത്തഘട്ടം നിയമസഭാ തിരഞ്ഞെടുപ്പുകൾ ആകുമ്പോഴേക്കും തപാൽവോട്ട് സൗകര്യം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ കേന്ദ്രത്തോടാവശ്യപ്പെട്ടു. ഇതിനായി 1951-ലെ ജനപ്രാതിനിധ്യനിയമവും 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പുചട്ടവും ഭേദഗതി ചെയ്യണമെന്ന് നിയമമന്ത്രാലയത്തിനയച്ച കത്തിൽ കമ്മിഷൻ ആവശ്യപ്പെട്ടു.

ദീർഘദൂര വണ്ടികളിലും ബസുകളിലും കപ്പലുകളിലും ജോലി ചെയ്യുന്നവർ, തിരഞ്ഞെടുപ്പുദിവസം ദീർഘദൂര യാത്രചെയ്യുന്നവർ, പ്രായമായവർ, അംഗപരിമിതർ, തിരഞ്ഞെടുപ്പ് റിപ്പോർട്ടുചെയ്യുന്ന മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് തപാൽവോട്ട് സൗകര്യം നൽകണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പുദ്യോഗസ്ഥർ, പോളിങ് ദിവസം ഡ്യൂട്ടിയിലുള്ള പോലീസ്-അർധസൈനികർ, സൈനികർ എന്നിവർക്കാണു നിലവിൽ തപാൽവോട്ടുള്ളത്.

തപാൽവോട്ട് കൂടുതൽ ആളുകളിലേക്കും മേഖലകളിലേക്കും വ്യാപിപ്പിക്കുമ്പോൾ നിലവിലെ രീതിയിൽനിന്നു വ്യത്യസ്തമായി പുതിയ ക്രമീകരണങ്ങൾ ഓരോ മണ്ഡലത്തിലും ഏർപ്പെടുത്തുമെന്ന് കമ്മിഷൻവൃത്തങ്ങൾ പറഞ്ഞു. ഓരോ മണ്ഡലത്തിലും തപാൽവോട്ട് രേഖപ്പെടുത്താൻ ഒരുകേന്ദ്രം ആരംഭിക്കണമെന്ന നിർദേശമാണ് കമ്മിഷൻ മുന്നോട്ടുവെച്ചിട്ടുള്ളത്. പോളിങ്ങിന് ഏതാനും ദിവസംമുമ്പ് രണ്ടോ മൂന്നോ ദിവസത്തേക്ക് പ്രത്യേകകേന്ദ്രങ്ങൾ പ്രവർത്തിക്കും. പോളിങ്ദിവസം സ്ഥലത്തില്ലാത്തവർക്കു നേരത്തേ അപേക്ഷ നൽകി, ഈ കേന്ദ്രങ്ങളിൽപ്പോയി വോട്ടു രേഖപ്പെടുത്താം. ബാലറ്റ്പേപ്പർ തപാലിൽ അയച്ചുകൊടുക്കുന്ന പതിവുണ്ടാകില്ല.

കമ്മിഷന്റെ നിർദേശം അംഗീകരിക്കപ്പെട്ടാൽ പ്രായമായവർ, അംഗപരിമിതർ എന്നിവർക്കും തപാൽവോട്ടിനവസരം ലഭിക്കും. യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ള ഇത്തരക്കാരുടെ വീടുകൾ തിരഞ്ഞെടുപ്പുദ്യോഗസ്ഥർ നേരത്തേ സന്ദർശിച്ച് ബാലറ്റ്പേപ്പർ നൽകി സുരക്ഷിതമായി അവിടെനിന്നുതന്നെ വോട്ടു രേഖപ്പെടുത്തി വാങ്ങണമെന്ന നിർദേശമാണ് പരിഗണനയിലുള്ളത്. ഇക്കൊല്ലം ഒടുവിൽ ഹരിയാണ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് കമ്മിഷന്റെ ഈ ശുപാർശ സർക്കാർ അംഗീകരിക്കുമോയെന്നു വ്യക്തമല്ല.

Content Highlights: Postal ballot Election commission