ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസ് ജീവനക്കാരെ പാസ്‌പോര്‍ട്ട് വിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ നിയോഗിക്കുന്നതില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വിമര്‍ശം. പോേസ്റ്റാഫീസ് ജീവനക്കാര്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സങ്കീര്‍ണവിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ പ്രാപ്തരല്ലെന്നും പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍തന്നെയായിരിക്കണം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും ശശി തരൂര്‍ അധ്യക്ഷനായ സമിതി വിലയിരുത്തി.

പോസ്റ്റ് ഓഫീസുകളില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുറന്ന നടപടി സ്വാഗതാര്‍ഹമാണെങ്കിലും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സങ്കീര്‍ണവിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ ഇവരെ നിയോഗിക്കുന്നത് പരിശോധിക്കേണ്ട വിഷയമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
 
സെന്‍ട്രല്‍ പാസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥര്‍തന്നെ കൈകാര്യംചെയ്യേണ്ട പ്രവര്‍ത്തനങ്ങളാണിവ.തപാലോഫീസുകളുടെ കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗിക്കുന്നത് യുക്തമാണ്. തപാല്‍ ജീവനക്കാര്‍ക്ക് എത്ര പരിശീലനം കൊടുത്താലും ഈ വിഷയത്തില്‍ പ്രാപ്തരാകുമെന്ന് തോന്നുന്നില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു.

പാസ്‌പോര്‍ട്ട് ഓഫീസുകളിലെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥര്‍പോലും ദിവസവും സങ്കീര്‍ണവിഷയങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. പഴയ ഉദ്യോഗസ്ഥരുടെ സഹായംതേടുന്ന അവസ്ഥയുമുണ്ട്. പാസ്‌പോര്‍ട്ട് വളരെ പ്രധാനപ്പെട്ട രേഖയാണ്. ഈ ജോലികള്‍ ചെയ്യാന്‍ പുറംജോലിക്കാരെ കണ്ടെത്തുന്നത് സുരക്ഷാവെല്ലുവിളികളുയര്‍ത്തും.
 
അതിനാല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഉദ്യോഗസ്ഥര്‍ കുറവുണ്ടെങ്കില്‍ കൂടുതല്‍പേരെ നിയമിക്കണം.ഇതിന് സമാന്തരമായി തപാല്‍ ജീവനക്കാരെ പരിശീലിപ്പിക്കണമെന്നും പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു.