ന്യൂഡൽഹി: ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിൽ കേന്ദ്ര സർക്കാർ കോവിഡ് യാത്രാവിലക്കുകൾ തീരുന്ന മുറയ്ക്ക് തീരുമാനമെടുക്കും. ഇക്കാര്യത്തിൽ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തോലിക്കാ സഭാധ്യക്ഷന്മാർക്ക് ഉറപ്പുനൽകി. ചൊവ്വാഴ്ച തന്നെ സന്ദർശിച്ച കെ.സി.ബി.സി. പ്രസിഡന്റും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ ജോർജ് ആലഞ്ചേരി, സി.ബി.സി.ഐ. തലവനും ബോംബെ ലത്തീൻ അതിരൂപത അധ്യക്ഷനുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരെയാണ് പ്രധാനമന്ത്രി അനുകൂല പ്രതികരണം അറിയിച്ചത്.

ഇക്കാര്യത്തിൽ രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന ക്രൈസ്തവരുടെ ആഗ്രഹം വേഗത്തിൽ സഫലമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സഭാധ്യക്ഷന്മാർ മാധ്യമങ്ങളോടു പ്രതികരിച്ചു.

Content Highlights: Pope Francis India