വത്തിക്കാൻസിറ്റി: കുടുംബങ്ങളുടെ അമ്മയായ മറിയം ത്രേസ്യ ഇനി അൾത്താരവണക്കത്തിനു യോഗ്യ. ഞായറാഴ്ച വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ഫ്രാൻസിസ് മാർപാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഒപ്പം കർദിനാൾ ജോൺ ഹെന്റി ന്യൂമാൻ, സിസ്റ്റർ ജൂസെപ്പിന വന്നിനി, സിസ്റ്റർ ഡൽച്ചേ ലോപ്പസ് പോന്റസ്, മർഗരീത്ത ബേയ്സ് എന്നിവരെയും വിശുദ്ധരാക്കി.

ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഹോളിഫാമി സഭാ സ്ഥാപകയായ മറിയം ത്രേസ്യയുടെ പേര് മൂന്നാമതായാണു വിളിച്ചത്. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷനെന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ചടങ്ങിൽ സഹകാർമികനായി.

ബന്ധുക്കൾ, ഹോളിഫാമിലി സഭയുടെ പ്രതിനിധികൾ, മറിയം ത്രേസ്യയുടെ മധ്യസ്ഥതയാൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധയുടെ തിരുശേഷിപ്പ് അൾത്താരയിൽ സമർപ്പിച്ചു. ഇത് ഫ്രാൻസിസ് പാപ്പ പരസ്യമായി വണങ്ങി. ഇതോടെ മറിയം ത്രേസ്യയടക്കമുള്ള നവവിശുദ്ധരുടെ തിരുസ്വരൂപം സാർവത്രികമായി അൾത്താരയിൽ പ്രതിഷ്ഠിച്ചുവണങ്ങുന്നതിന് അനുമതിയായി. ഇവരുടെ തിരുനാളുകളും ആഘോഷിക്കാം.

വിശുദ്ധരുടെ കാര്യാലയത്തിന്റെ തലവൻ കർദിനാൾ ആഞ്ജലോ ജിയോവാനി ബെച്ചു, സിറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സി.ബി.സി.ഐ. പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തുടങ്ങി അമ്പതോളം ബിഷപ്പുമാർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യയിലും മറ്റുദേശങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിനു വിശ്വാസികളും സഭാപിതാക്കൻമാരും വൈദികരും സന്ന്യസ്തരും ദൃക്സാക്ഷികളായി. കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ഇന്ത്യൻസംഘം ചടങ്ങിനെത്തിയത്.

തിങ്കളാഴ്ച റോമിലെ സെയ്ന്റ് അനസ്താസ്യ ബസലിക്കയിൽ രാവിലെ പത്തരയ്ക്കു നടക്കുന്ന കൃതജ്ഞതാബലിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. മറിയംത്രേസ്യയെ വിശുദ്ധയായി ഉയർത്തിയതിന്റെ ഇന്ത്യയിലെ ആഘോഷം നവംബർ 16-നു മാള കുഴിക്കാട്ടുശ്ശേരിയിൽ നടക്കും.

വിശുദ്ധ മറിയം ത്രേസ്യ

ജനനം: 1876 ഏപ്രിൽ 26

മരണം: 1926 ജൂൺ 8

1982 ജൂലായ് 12 - ദൈവദാസി പദവിയിൽ

1999 ജൂൺ 28 - വന്ദ്യപദവിയിൽ

2000 ഏപ്രിൽ 9 - വാഴ്ത്തപ്പെട്ടവൾ


പ്രാര്‍ഥനയോടെ കുഴിക്കാട്ടുശ്ശേരി

കുഴിക്കാട്ടുശ്ശേരി (തൃശ്ശൂര്‍): ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചതോടെ മറിയം ത്രേസ്യയുടെ തിരുരൂപം കുഴിക്കാട്ടുശ്ശേരിയിലെ കബറിടദേവാലയത്തിന്റെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. രൂപത്തിന്റെ ശിരസ്സില്‍ വിശുദ്ധപദവിയുടെ പ്രതീകമായുള്ള കിരീടവും അണിയിച്ചു. മറിയം ത്രേസ്യ തീര്‍ഥാടനകേന്ദ്രത്തില്‍നടന്ന ചടങ്ങില്‍ വൈദികരും സന്ന്യാസിനികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു.

കബറിടദേവാലയത്തിലെ പ്രമോട്ടറായ ഫാ. ജോസ് കാവുങ്കലാണ് രൂപത്തില്‍ കിരീടം ചാര്‍ത്തിയത്. മാതൃദേവാലയമായ പുത്തന്‍ചിറ ഫൊറോന പള്ളിയിലെ തിരുരൂപത്തിലും കിരീടധാരണം നടന്നു.

മുന്‍ അപൊസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് പാനികുളം കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, ഇരിങ്ങാലക്കുട രൂപതവികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ജോസ് കാവുങ്കല്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെ വൈദികര്‍ സഹകാര്‍മികരായി.