ന്യൂഡൽഹി: കോൺഗ്രസിൽ പഞ്ചനക്ഷത്ര സംസ്കാരമാണെന്നും നേതാക്കൾക്കു താഴെത്തട്ടിലെ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. പാർട്ടിക്കുള്ളിൽ ചില നേതാക്കൾ നടത്തുന്നത് കലഹമോ കലാപമോ അല്ലെന്നും പരിഷ്കരണത്തിനുള്ള ശ്രമമാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹൈക്കമാൻഡുമായി തനിക്ക് വിയോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാർ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കോൺഗ്രസിൽ വീണ്ടും ആഭ്യന്തരസംഘർഷത്തിന് വഴി തുറക്കുന്നെന്ന സൂചന നൽകിയാണ് ആസാദ് ഞായറാഴ്ച രംഗത്തുവന്നത്.
പാർട്ടിയെ പുനരുദ്ധരിക്കേണ്ടത് അനിവാര്യമാണ്. അതിനായി ഒരു പുതിയ ഫോർമുല ആവിഷ്കരിക്കേണ്ടതുണ്ട്. നിലവിലുള്ള സമ്പ്രദായം മാറ്റണം. ബിഹാറിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ കടുത്ത ഉത്കണ്ഠയുണ്ട്. ഈ നഷ്ടത്തിന് ഉന്നതനേതൃത്വത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ, പാർട്ടിപ്രവർത്തകർക്ക് താഴെത്തട്ടിലുള്ള ജനങ്ങളുമായി ബന്ധം നഷ്ടപ്പെട്ടിരിക്കുന്നു. പഞ്ചനക്ഷത്ര സംസ്കാരത്തോടെയല്ല തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്. മത്സരിക്കാൻ സീറ്റ് കിട്ടിയാലുടൻ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി ബുക്ക് ചെയ്യുകയാണ് ഇപ്പോൾ നേതാക്കൾ ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞ ഒരു റോഡിലൂടെ യാത്ര ചെയ്യാൻപോലും അവർ തയ്യാറല്ല. പഞ്ചനക്ഷത്ര സംസ്കാരം ഉപേക്ഷിക്കാതെ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ല -ആസാദ് തുറന്നടിച്ചു.
ഉത്തരവാദിത്വങ്ങളെക്കുറിച്ച് പാർട്ടിഭാരവാഹികൾ മനസ്സിലാക്കണം. ഇപ്പോൾ ആർക്കും എന്ത് പദവിയും ലഭിക്കാമെന്ന സ്ഥിതിയാണ് പാർട്ടിയിലുള്ളത്. പാർട്ടിയുടെ പ്രവർത്തനരീതിയിൽ മാറ്റംവരാതെ കാര്യങ്ങൾ മാറുകയില്ല. പാർട്ടിപ്രവർത്തകർക്ക് പ്രവർത്തന പരിപാടികൾ നൽകണം. ഒരാളെ മാറ്റി മറ്റൊരാളെ നിയമിക്കാനല്ല ശ്രമിക്കുന്നത്. പാർട്ടി പ്രസിഡന്റാകാൻ മറ്റൊരു സ്ഥാനാർഥിയില്ല. ഇതു കലഹമോ കലാപമോ അല്ല. പരിഷ്കരണത്തിനായുള്ള നീക്കമാണ്. പാർട്ടിയുടെ നൻമയ്ക്ക് എന്താണോ ആവശ്യം അതിനായി നിലയുറപ്പിക്കുന്നവരാണ് ഞങ്ങൾ -അദ്ദേഹം പറഞ്ഞു.
72 വർഷത്തെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കോൺഗ്രസെത്തിനിൽക്കുന്നത്. കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും ബി.ജെ.പി.യുടെ ദേശീയ ബദലാകാൻ കഴിയില്ല. ദേശീയതലത്തിലെ സാന്നിധ്യം പ്രധാനമാണ്. മതേതര ചിന്ത പ്രധാനമാണ്. രണ്ടുതവണയായി കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലോക്‌സഭയിലില്ല. ദേശീയ ബദലായി വളരണമെങ്കിൽ ബ്ലോക്ക് തലം മുതൽ ദേശീയതലം വരെ പാർട്ടിയിൽ തിരഞ്ഞെടുപ്പ് നടക്കണം. നേതാവിനെ മാറ്റിയതുകൊണ്ടുമാത്രം കാര്യമില്ല. പാർട്ടിഘടന മുഴുവൻ മാറണം -ആസാദ് പറഞ്ഞു.
Content Highlights: Polls aren't won by 5-star culture- ghulam nabi azad