കൊൽക്കത്ത: പ്രമുഖ രാഷ്ട്രീയനേതാക്കളുൾപ്പെടെ ഒട്ടേറെപ്പേർ തന്നിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാരോപിച്ച് പശ്ചിമബംഗാളിലെ ശാരദ ചിട്ടിതപ്പ് കേസ് മുഖ്യപ്രതി സുദീപ്ത സെൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനർജിക്കും കത്തെഴുതി. ഇവർക്കെതിരേ നടപടിയെടുക്കാൻ സി.ബി.ഐ.യോടും സംസ്ഥാന പോലീസിനോടും സെൻ അഭ്യർഥിക്കുകയും ചെയ്തു. കോടിക്കണക്കിനു രൂപയുടെ ചിട്ടിതട്ടിപ്പ് കേസിൽ വിചാരണനേരിടുകയാണ് ഇദ്ദേഹം.

ബി.ജെ.പി., തൃണമൂൽ കോൺഗ്രസ്, സി.പി.എം., കോൺഗ്രസ് എന്നീ പാർട്ടികളിലെ ചില നേതാക്കളുൾപ്പെടെ പണം വാങ്ങിയിട്ടുണ്ടെന്ന് സെൻ ആരോപിച്ചു. ഇക്കാര്യം മുമ്പ് സി.ബി.ഐ.യെയും ബംഗാൾ പോലീസിനെയും അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് കൊൽക്കത്തയിലെ പ്രസിഡൻഷ്യൽ കറക്‌ഷണൽ ഹോമിൽ കഴിയുന്ന ഇദ്ദേഹം ഈ മാസം ഒന്നിനെഴുതിയ കത്തിൽ പറയുന്നു.

പരിഹാസ്യമായ ആരോപണമാണ് സെന്നിന്റേതെന്ന് സി.പി.എം. നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു. ചിട്ടിതട്ടിപ്പിൽ നഷ്ടമുണ്ടായവർക്കുവേണ്ടി പോരാടുന്നവരാണ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതാക്കളെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ കളങ്കപ്പെടുത്താൻ തരംതാണ രാഷ്ട്രീയം കളിക്കുകയാണ് സെന്നെന്ന് കോൺഗ്രസും വൃത്തികെട്ട രാഷ്ട്രീയമാണിതെന്ന് ബി.ജെ.പി.യും പറഞ്ഞു.

2013-ൽ ചിട്ടിക്കമ്പനി പൊളിഞ്ഞതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്. കമ്പനിയുടെ പ്രൊമോട്ടർമാരായ സുദീപ്ത സെൻ, ദേബ്ജാനി മുഖർജി എന്നിവർ അക്കൊല്ലംതന്നെ അറസ്റ്റിലായി.

Content Highlights:Sarada chit fund scam: Politicians who took money from me alleges jailed Saradha promoter