ന്യൂഡൽഹി: നാൽപത് ജവാന്മാരുടെ രക്തസാക്ഷിത്വമുണ്ടാക്കിയ ആഘാതമടങ്ങുംമുമ്പേ പുൽവാമ ഭീകരാക്രമണ വിഷയമുയർത്തി രാഷ്ട്രീയയുദ്ധം. പുൽവാമ ആക്രമണം, ബാലാകോട്ട് പ്രത്യാക്രമണം, വിങ് കമാൻഡർ അഭിനന്ദന്റെ തിരിച്ചുവരവ് എന്നീ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടിന്റെപേരിൽ പ്രതിപക്ഷത്തെ ആക്രമിക്കാനാണ് ബി.ജെ.പി.യുടെ നീക്കം.

അതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷപാർട്ടികളും  ശ്രമം തുടങ്ങിയതോടെ ദേശീയരാഷ്ട്രീയം കലുഷമായി. പ്രതിപക്ഷത്തിന്റെ ശ്രമം സേനയെ അപമാനിക്കാനാണെന്നും തന്നെ ഇല്ലാതാക്കാൻ പ്രതിപക്ഷം ഗൂഢാലോചന നടത്തുന്നുവെന്നുമാണ് പ്രധാനമന്ത്രിയുടെ ആരോപണം. വ്യോമസേനയുടെ നടപടികളിൽ പ്രധാനമന്ത്രിക്കുതന്നെ വിശ്വാസമില്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. 

പട്‌ന, അമേഠി എന്നിവിടങ്ങളിൽ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ ഈ വിഷയമായിരുന്നു പ്രധാനമന്ത്രി ഉന്നയിച്ചത്. ഗുജറാത്തിലെ സൂറത്തിൽ നടന്ന റാലിയിൽ ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും ബ്ലോഗിലെഴുതിയ ലേഖനത്തിലൂടെ മന്ത്രി അരുൺ ജെയ്റ്റ്‌ലിയും പ്രധാനമന്ത്രിയുടെ വാദത്തിന് പിന്തുണ നൽകി.

പ്രധാനമന്ത്രിയുടെ ആരോപണം:  പ്രതിപക്ഷം സൈന്യത്തോട് തെളിവുചോദിക്കുന്നു -മോദി

പട്ന: സൈന്യം ഭീകരരെ അടിച്ചമർത്തുന്നതിൽ വ്യാപൃതരാകുന്പോൾ കോൺഗ്രസും സഖ്യകക്ഷികളും അതിന്‌ തെളിവുചോദിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ബിഹാറിലെ പട്നയിൽ  ബി.ജെ.പി.യുടെ സങ്കല്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം പ്രതിപക്ഷത്തിനെതിരേ രംഗത്തുവന്നത്. ബാലാകോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തിനുശേഷം പ്രതിപക്ഷം നടത്തിയ പ്രസ്താവനകൾ പാകിസ്താനെയാണ് സന്തോഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.ബാലാകോട്ട് വ്യോമാക്രമണത്തിന്‌ സർക്കാർ തെളിവ് ഹാജരാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെ വിട്ടയച്ചതിന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഇത്‌ പരാമർശിച്ചാണ് അദ്ദേഹം കോൺഗ്രസിനും പ്രതിപക്ഷത്തിനുമെതിരേ ആഞ്ഞടിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നേരത്തേ ഈയാവശ്യം ഉന്നയിച്ചിരുന്നു.“അതിർത്തിക്കപ്പുറത്തും ഇപ്പുറത്തുമുള്ള ശത്രുക്കളുമായി നമ്മുടെ സേന പോരാടിക്കൊണ്ടിരിക്കുമ്പോൾ ചിലർ പാകിസ്താനെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകളിറക്കുന്ന തിരക്കിലാണ്. എന്തിനാണ് അവർ നമ്മുടെ ശത്രുക്കൾക്ക് ഉപയോഗിക്കാനായി വടി കൊടുക്കുന്നത്? എന്തിനാണ് അവർ നമ്മുടെ സൈന്യത്തിന്റെ ആത്മവീര്യം കെടുത്തുന്നത്?  ഇത് പുതിയൊരു ഇന്ത്യയാണ്. നമ്മുടെ ജവാന്മാരെ കൊന്നൊടുക്കുന്പോൾ നിശ്ശബ്ദമായിരിക്കുന്ന കാലം കഴിഞ്ഞു” -പ്രധാനമന്ത്രി പറഞ്ഞു.

"രാജ്യം ഒറ്റശബ്ദത്തിൽ സംസാരിക്കേണ്ട സമയത്ത് രാജ്യത്തെ 21 പ്രതിപക്ഷപാർട്ടികൾ ഡൽഹിയിൽ ഒന്നിച്ചുകൂടി ഒരു പ്രമേയം പാസാക്കി. സൈന്യത്തിന്റെ ശൂരതയ്ക്ക് തെളിവുഹാജരാക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഞാൻ ഭീകരതയെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, എന്നെ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ഗൂഢാലോചന നടത്തുന്നത്. ഞാൻ ദാരിദ്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ എന്നെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം"-  പ്രധാനമന്ത്രി. 

 

പാകിസ്താൻ ചിരിക്കുന്നു
സേനയുടെ നടപടികളിൽ പ്രതിപക്ഷം സംശയമുയർത്തുമ്പോൾ, പാകിസ്താന്റെ മുഖത്ത് പുഞ്ചിരി വിടരുകയാണ്. പ്രതിപക്ഷത്തിന്റെ നാണംകെട്ട പ്രസ്താവനകൾകണ്ട് പാകിസ്താനാണ് ചിരിക്കുന്നത്.- അമിത്ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷൻ

ഇന്ത്യയെ നിന്ദിക്കാൻ അവസരം നൽകി
പ്രതിപക്ഷത്തിന്റെ വിമർശനം ദേശീയ താത്‌പര്യങ്ങൾക്ക് മുറിവേൽപ്പിച്ചു. ഇന്ത്യയെ നിന്ദിക്കാൻ പാകിസ്താന് ഇത് അവസരം നൽകി. - മന്ത്രി അരുൺ ജെയ്റ്റ്‌ലി

പ്രതിപക്ഷത്തിന്റെ മറുപടി:- വ്യോമാക്രമണത്തിൽ പ്രധാനമന്ത്രിക്കുതന്നെ സംശയം

ന്യൂഡൽഹി: റഫാൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ്. ഭീകരരുടെ കേന്ദ്രത്തിനുനേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രിക്കുതന്നെ സംശയമാണെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു.
വ്യോമാക്രമണത്തെ പ്രധാനമന്ത്രിതന്നെ ചോദ്യംചെയ്തിരിക്കുന്നു. റഫാൽ ജെറ്റുണ്ടായിരുന്നെങ്കിൽ ഫലം വ്യത്യസ്തമായേനെ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിന്റെ അർഥമെന്താണ്. മോദി തന്നെയാണ് റഫാൽ ഇടപാട് വൈകിപ്പിച്ചത്. നേരത്തേയുണ്ടായിരുന്ന കരാർ തിരുത്തിയതാണ് അതിനുകാരണം -തിവാരി പറഞ്ഞു. 

റഫാലുണ്ടായിരുന്നെങ്കിൽ വ്യോമാക്രമണത്തിന്റെ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന് രാജ്യം ഒന്നടങ്കം പറയുന്നതായി ശനിയാഴ്ചയാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. സ്വാർഥതാത്പര്യംമൂലം നേരത്തേയും രാഷ്ട്രീയപരിഗണനകൾമൂലം ഇപ്പോഴും ഇടപാടിൽ കാലതാമസമുണ്ടായിട്ടുണ്ടെന്ന്‌ മോദി പറഞ്ഞിരുന്നു.

ചോദ്യംചെയ്യുന്നവർ ദേശവിരുദ്ധരോ ? 
ബാലാകോട്ട് സൈനികനടപടിയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്നവരെ ദേശവിരുദ്ധർ എന്നുവിളിക്കുന്നവർ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്നവും പോലുള്ള ഗൗരവമേറിയ വിഷയങ്ങളിൽനിന്ന് തിരഞ്ഞെടുപ്പ് ചർച്ചകൾ വഴിതിരിച്ചുവിടുന്നവരുടെ കെണിയിൽ വീഴരുത്.- മെഹ്ബൂബ മുഫ്തി,  ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി 

ഒ.ഐ.സി. പ്രമേയം  ഇന്ത്യയെ അസ്വസ്ഥമാക്കുന്നത് -കോൺഗ്രസ്

ന്യൂഡൽഹി: ഇസ്‌ലാമികരാജ്യങ്ങളുടെ സംഘടന അംഗീകരിച്ച  പ്രമേയത്തിൽ കശ്മീരാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന തർക്കവിഷയമെന്ന്‌ പറയുന്നത്, മോദിസർക്കാരിന്റെ  അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് കോൺഗ്രസ്. 
സമ്മേളനത്തിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത് നയതന്ത്രവിജയമാണെന്ന് കൊട്ടിഘോഷിക്കുന്നവർ ഇക്കാര്യം വിശദീകരിക്കണം. അബുദാബിയിൽ സംഭവിച്ചത് ഇന്ത്യയെ അസ്വസ്ഥമാക്കുന്ന കാര്യമാണ്.  ഇതാണോ നയതന്ത്രനേട്ടമെന്ന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വ്യക്തമാക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു.

ഭരണപരാജയം മറയ്ക്കാനായി ജമ്മുകശ്മീരിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി.യും ഉപയോഗിക്കുകയാണ്. രാജ്യസുരക്ഷയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം മോദി ബി.ജെ.പി. പ്രവർത്തകരെ അഭിസംബോധനചെയ്ത് രാഷ്ട്രീയം കളിക്കുകയാണ്. ഇത് നിന്ദാർഹമാണ്. -മായാവതി, ബി.എസ്.പി. നേതാവ്

content highlights: pulwama attack balkot air strike