ന്യൂഡൽഹി: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് കളം ചൂടുപിടിക്കുംമുന്നേ പടിഞ്ഞാറൻ യു.പി.യിൽ രാഷ്ട്രീയ യുദ്ധം മുറുകുന്നു. ജാതിസമവാക്യങ്ങൾ നിർണായകമായ ഈ കാർഷികമേഖലയിൽ കർഷക സമരമാണ് രാഷ്ട്രീയം സങ്കീർണമാക്കിയത്. ബി.ജെ.പി.യും സമാജ് വാദി പാർട്ടി-ആർ.എൽ.ഡി. സഖ്യവും പടിഞ്ഞാറൻ യു.പി. കേന്ദ്രീകരിച്ചാണ് അങ്കം തുടങ്ങിയത്.

ഉത്തർപ്രദേശിൽ ഭരണം പിടിക്കണമെങ്കിൽ പടിഞ്ഞാറൻ യു.പി.യിൽ മേധാവിത്വം നേടണമെന്നാണ് രാഷ്ട്രീയചരിത്രം. 20 ജില്ലകളിലായി 100 നിയമസഭാ മണ്ഡലങ്ങളാണ് പടിഞ്ഞാറൻ യു.പി.യിൽ. 22 ശതമാനം മുസ്‌ലിങ്ങൾ, 16 ശതമാനം ദളിതുകൾ, 14 ശതമാനം ജാട്ടുകൾ, എട്ടുശതമാനം ബ്രാഹ്മണർ, അഞ്ചു ശതമാനം ഥാക്കൂർ, നാലുശതമാനം ഗുജ്ജറുകൾ എന്നിങ്ങനെയാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ജാതിസമവാക്യം.

2013-ൽ മുസാഫർനഗർ കലാപത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജാതിസമവാക്യങ്ങളിലുണ്ടായ മാറ്റംമറിച്ചിലുകൾ സമർഥമായി ഉപയോഗിച്ച് ബി.ജെ.പി. വൻവിജയം നേടിയിരുന്നു. കലാപം ജാട്ടുകൾക്കും മുസ്‌ലിങ്ങൾക്കുമിടയിലുണ്ടാക്കിയ അകൽച്ച 2013-നുശേഷം നടന്ന ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വ്യക്തമായി പ്രതിഫലിച്ചു. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്കായിരുന്നു നേട്ടം.

എന്നാൽ, ഇക്കുറി പടിഞ്ഞാറൻ യു.പി. മേഖല ബി.ജെ.പി.ക്ക് സുഗമമല്ലെന്നാണ് സൂചന. കർഷകസമരമാണ് രാഷ്ട്രീയത്തിന്റെ കടുപ്പമേറ്റിയത്. രണ്ടുതരത്തിലാണ് കർഷകസമരം പ്രധാന ഘടകമായത്. കാർഷികമേഖലയായ പടിഞ്ഞാറൻ യു.പി.യിൽ കർഷക സമരം ശക്തമാണെന്നതാണ് പ്രഥമ ഘടകം. 2013-ലെ കലാപത്തിനുശേഷം അകന്നുനിന്ന ജാട്ട്-മുസ്‌ലിം വിഭാഗങ്ങൾ കർഷകസമരത്തിലൂടെ അടുപ്പമുണ്ടാക്കിയെന്നതാണ് രണ്ടാമത്തെ ഘടകം. ഇക്കാര്യം തിരിച്ചറിഞ്ഞ ബി.ജെ.പി. കേന്ദ്രനേതൃത്വം പടിഞ്ഞാറൻ യു.പി.യിലെ ജാതിവിഭാഗങ്ങളെ സ്വാധീനിക്കാൻ നടപടികൾ ആസൂത്രണം ചെയ്യുകയാണ്. ജാട്ട് വിഭാഗത്തിന്റെ രാജാവായിരുന്ന രാജാ മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിൽ സർവകലാശാല സ്ഥാപിക്കാൻ സെപ്‌റ്റംബറിൽ പ്രധാനമന്ത്രി തറക്കല്ലിട്ടത് ഈ നീക്കത്തിന്റെ ഭാഗമാണ്. യോഗി ആദിത്യനാഥ് ഒമ്പതാം നൂറ്റാണ്ടിലെ ഗുജ്ജർ രാജാവായ മിഹിറ ഭോജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് തൊട്ടുപിന്നാലെയാണ്.

സമാജ്‌വാദി പാർട്ടി-ആർ.എൽ.ഡി. സഖ്യത്തിനെതിരേ ഹിന്ദുവോട്ടുകളുടെ ഏകീകരണം എന്ന പരീക്ഷണം വീണ്ടും നടത്താനും ബി.ജെ.പി. കരുക്കൾ നീക്കുന്നുണ്ട്. കർഷക സമരത്തിൽ പങ്കെടുക്കാത്ത ഹിന്ദുവിഭാഗത്തിലെ ത്യാഗി, സൈനി, ലോഹാർ, കഹാർ, കാഞ്ചി എന്നീ വിഭാഗങ്ങളെ ഒപ്പം നിർത്താനാണ് ബി.ജെ.പി. തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.