ജമ്മു/ശ്രീനഗർ: ജമ്മുകശ്മീരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കാത്തതിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് അതൃപ്തിയറിയിച്ച് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ. കോൺഗ്രസ്, നാഷണൽ കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികളാണ് കമ്മിഷൻറെ നടപടിയിൽ നിരാശയറിയിച്ചത്.
ദൗർഭാഗ്യകരമായ തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്നും ഇന്ത്യൻ ജനാധിപത്യം ശരിയായ ദിശയിലല്ല പ്രവർത്തിക്കുന്നതെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. 1996-നുശേഷം ആദ്യമായാണ് സംസ്ഥാനത്ത് സമയത്ത് തിരഞ്ഞെടുപ്പ് നടത്താതിരിക്കുന്നത്. നരേന്ദ്രമോദിയെ ശക്തനായ നേതാവെന്ന് അടുത്തതവണ പുകഴ്ത്തുമ്പോൾ എല്ലാവരും ഇക്കാര്യം ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ കപടരാഷ്ട്രീയമാണ് തീരുമാനത്തിന് പിന്നിലെന്നും ജനങ്ങൾക്ക് അവരുടെ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള കഴിവില്ലായ്മയിലൂടെ സംസ്ഥാനത്ത് തങ്ങളുണ്ടാക്കിയ സുരക്ഷാവീഴ്ച മോദിസർക്കാർ അംഗീകരിച്ചിരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ജി.എ. മിർ പറഞ്ഞു. കശ്മീരിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിൽ ആരുടെയും അജൻഡയിൽ ഇല്ലെന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ടെന്ന തീരുമാനം തെളിയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജമ്മുകശ്മീർ സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വൈ. തരിഗാമി, ഡെമോക്രാറ്റിക് പാർട്ടി നാഷണലിസ്റ്റ് (ഡി.പി.എൻ.) പ്രസിഡന്റ് ഗുലാം ഹസ്സൻ മിർ തുടങ്ങിയവരും കമ്മിഷന്റെ തീരുമാനത്തിൽ അതൃപ്തിയറിയിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സുരക്ഷാകാരണങ്ങളാണ് രണ്ട് തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താത്തതെന്ന കമ്മിഷന്റെ വാദം സ്വാഗതംചെയ്യുന്നതായി ബി.ജെ.പി. നേതാവ് കവീന്ദർ ഗുപ്ത പ്രതികരിച്ചു.
Content Highlights: Assembly Election not declared in kashmir, political parties from kashmir stands together against election commission