ന്യൂഡൽഹി: പോലീസ് മേധാവിയെ സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിർദേശിച്ച മാനദണ്ഡങ്ങൾ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ലെന്ന് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് (സി.എച്ച്.ആർ.ഐ.) സംഘടനയുടെ വിലയിരുത്തൽ റിപ്പോർട്ട്. പോലീസ് പരിഷ്കാരത്തിന് 15 വർഷംമുമ്പ് സുപ്രീംകോടതി നിർദേശിച്ച മാർഗനിർദേശങ്ങൾ മിക്കതും നടപ്പായിട്ടില്ല. സർക്കാരുകൾ പോലീസിൽ കൂടുതൽ സ്വാധീനം ചെലുത്താതിരിക്കാനുള്ള സംസ്ഥാനസുരക്ഷാ കമ്മിഷൻ മാനദണ്ഡങ്ങൾ പാലിച്ചത് കർണാടക മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

സംസ്ഥാന പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള പട്ടിക യു.പി.എസ്.സി. തയ്യാറാക്കണമെന്നാണ് മാർഗനിർദേശം. ഡി.ജി.പി.യായി കുറഞ്ഞത് രണ്ടുവർഷത്തെ സർവീസ് കാലയളവുണ്ടായിരിക്കണം. ഈ രണ്ടു മാനദണ്ഡവും കേരളത്തിൽ പാലിക്കപ്പെട്ടിട്ടില്ല. ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, മണിപ്പുർ, നാഗാലാൻഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മാത്രമേ യു.പി.എസ്.സി. പട്ടികയെന്ന നിർദേശം പാലിച്ചിട്ടുള്ളൂ. രണ്ടു വർഷമെന്ന വ്യവസ്ഥ ആന്ധ്രാപ്രദേശ്, അരുണാചൽപ്രദേശ്, മധ്യപ്രദേശ്, നാഗാലാൻഡ്, രാജസ്ഥാൻ, തമിഴ്‌നാട് എന്നിവയും പാലിച്ചു.

പോലീസിന്റെ പ്രവർത്തനം സ്വതന്ത്രമാക്കാനും പ്രവർത്തനം വിലയിരുത്താനും നയരൂപവത്കരണം നടപ്പാക്കാനുമൊക്കെയായി നിർദേശിച്ചിട്ടുള്ളതാണ് സംസ്ഥാനസുരക്ഷാ കമ്മിഷൻ. പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തുക, കമ്മിഷൻ അംഗങ്ങളെ സ്വതന്ത്രമായി തിരഞ്ഞെടുക്കുക എന്നിവയാണ് വ്യവസ്ഥകൾ. ഇതിൽ രണ്ടാമത്തെ വ്യവസ്ഥ കർണാടകയും ഹിമാചൽപ്രദേശുമൊഴികെ ഒരു സംസ്ഥാനവും പാലിച്ചിട്ടില്ല. കേരളത്തിൽ കമ്മിഷൻ രൂപവത്കരിച്ചെങ്കിലും ശുപാർശകൾ നടപ്പാക്കാനുള്ള നിയമബാധ്യത നിർബന്ധമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കർണാടക മികച്ച പ്രവർത്തനം കാഴ്ചവെച്ചെന്നാണ് സി.എച്ച്.ആർ.ഐ. വിലയിരുത്തൽ.

ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വെവ്വേറെ നിർവഹിക്കാൻ കേരളമടക്കം 16 സംസ്ഥാനങ്ങൾ നടപടിയെടുത്തു. പോലീസുകാരെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനുള്ള പോലീസ് പരാതി അതോറിറ്റിയിൽ സർവീസിലുള്ള പോലീസുകാരുമുണ്ടെന്നതാണ് വൈരുധ്യം. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയോ അധ്യക്ഷനായിട്ടുള്ളതാണ് ഈ പരാതി അതോറിറ്റി. പോലീസുകാർക്കെതിരേയുള്ള ഗുരുതരമായ പരാതികൾ ഈ കമ്മിഷൻ അന്വേഷിക്കണം. വിരമിച്ച ജില്ലാ ജഡ്ജി അധ്യക്ഷനായി ജില്ലാതലങ്ങളിലും അതോറിറ്റികളുണ്ടാവണം. അതോറിറ്റി രൂപവത്കരിക്കുന്നതിലും ശുപാർശകൾ നടപ്പാക്കാൻ നിയമപരമായി ബാധ്യത ഉറപ്പാക്കുകയുമൊക്കെ കേരളം ചെയ്തിട്ടുണ്ട്. പക്ഷേ, കേരളം, കർണാടക, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അതോറിറ്റികളിൽ സർവീസിലുള്ള പോലീസുകാരും അംഗങ്ങളാണ്.