ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടുഭീകരർക്കൊപ്പം പിടിയിലായ ഡിവൈ.എസ്.പി. ദാവീന്ദർ സിങ്ങിനെ ഭീകരപ്രവർത്തകനായി പരിഗണിക്കുമെന്ന് പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളുടെപേരിൽ ഭീകരവിരുദ്ധനിയമപ്രകാരമുള്ള കുറ്റം ചുമത്തും.

ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ നവീദ് ബാബു, ഭീകരൻ അൽത്താഫ് എന്നിവർക്കൊപ്പം ശനിയാഴ്ചയാണ് സിങ്ങിനെ പിടികൂടിയത്. ബാബുവിനെയും അൽത്താഫിനെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഭീകരർക്കുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകനും ഇവർക്കൊപ്പം കാറിലുണ്ടായിരുന്നു.

ഷോപ്പിയാനിൽനിന്ന് ഭീകരരെ കാറിൽ ജമ്മുകശ്മീരിനുപുറത്തേക്ക്‌ കൊണ്ടുപോവുകയായിരുന്നു സിങ്ങെന്ന് പോലീസ് പറഞ്ഞു. തെക്കൻകശ്മീരിലെ കുൽഗാമിലുള്ള മിർ ബസാറിലാണ് ഇവർ പിടിയിലായത്. കാറിൽനിന്ന് രണ്ടുതോക്കുകൾ കണ്ടെടുത്തു. സിങ്ങിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ മൂന്നുതോക്കുകൾ കിട്ടിയെന്ന് പോലീസ് പറഞ്ഞു.

ഒട്ടേറെ ഭീരവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി സിങ്ങിന് കഴിഞ്ഞവർഷം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചിരുന്നു. കശ്മീർ സന്ദർശിച്ച വിദേശരാജ്യങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളുടെ സംഘത്തെ സ്വീകരിക്കാനും ഇയാൾ മുൻനിരയിലുണ്ടായിരുന്നു.

ശ്രീനഗർ വിമാനത്താവളത്തിലാണ് സിങ് ജോലി ചെയ്യുന്നത്. പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സൽ ഗുരു, സംഭവത്തിൽ സിങ്ങിന്‌ പങ്കുണ്ടെന്ന് മൊഴിനൽകിയിരുന്നു. എന്നാൽ, അതേക്കുറിച്ച് ഗൗരവമായി അന്വേഷണംനടന്നില്ല.

ബദ്ഗാമിൽ പോലീസ് കോൺസ്റ്റബിളായിരുന്നു അറസ്റ്റിലായ നവീദ് ബാബ. 2017-ൽ ജോലിവിട്ട് ഹിസ്ബുൾ മുജാഹിദീനിൽ ചേരുകയായിരുന്നു. പോലീസുകാരുൾപ്പെടെ ഒട്ടേറെപ്പേരുടെ കൊലപാതകത്തിൽ ഇയാൾക്കു പങ്കുണ്ട്.

Content Highlights: police officer caught with terrorists to be treated as terrorist