മുംബൈ: പൗരത്വനിയമഭേദഗതിക്കെതിരേ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യാത്രക്കാരനായ കവിയെ ടാക്സി ഡ്രൈവർ നേരെ കൊണ്ടുപോയത് പോലീസ് സ്റ്റേഷനിലേക്ക്. ജയ്‌പുരിൽനിന്നുള്ള ബപ്പാദിത്യ സർക്കാറിനെയാണ് (23) ബുധാനാഴ്ച രാത്രി ഉബർ ഡ്രൈവർ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

ജുഹുവിൽനിന്ന് കുർളയിലേക്ക് രാത്രി 10.30-ന് പോവുകയായിരുന്നു ബപ്പാദിത്യ. ഇതിനിടയിലാണ് നാട്ടിൽ പൗരത്വനിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ജയ്‌പുരിലുള്ള മറ്റൊരു സുഹൃത്തുമായി അദ്ദേഹം ഫോണിൽ സംസാരിച്ചത്. ഇതുകേട്ട ടാക്സി ഡ്രൈവർ വണ്ടി സാന്താക്രൂസ് പോലീസ് സ്റ്റേഷന് സമീപം നിർത്തിയശേഷം എ.ടി.എമ്മിൽനിന്ന് പണം പിൻവലിച്ചുവരാമെന്ന് പറഞ്ഞ് ഇറങ്ങി. എന്നാൽ, അയാൾ തിരികെവരുമ്പോൾ രണ്ടു പോലീസുകാരെയും കൂട്ടിയാണ് വന്നത്. ഇയാൾ കമ്യൂണിസ്റ്റ് ആണെന്നും രാജ്യത്തെ നശിപ്പിക്കുന്ന കാര്യമാണ് ഫോണിൽ സംസാരിച്ചതെന്നും രാജ്യത്തെ മുഴുവൻ ഷഹീൻബാഗാക്കിമാറ്റാനാണ് ശ്രമിക്കുന്നതെന്നും ഡ്രൈവർ പോലീസുകാരോട് പറഞ്ഞു. ഇതേത്തുടർന്ന് രണ്ടരമണിക്കൂറോളം പോലീസ് തന്നെ ചോദ്യംചെയ്തെന്ന് ബപ്പാദിത്യ പറയുന്നു.

ഏതു പുസ്തകങ്ങളാണ് വായിക്കുന്നത്, കമ്യൂണിസം, പൗരത്വനിയമം, ഷഹീൻബാഗ് പ്രതിഷേധം തുടങ്ങിയവയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ, പ്രതിഷേധങ്ങളുടെയും മറ്റും പിറകെപ്പോകുമ്പോൾ ജീവിതച്ചെലവിനുള്ള പണം എങ്ങനെ കണ്ടെത്തുന്നു, പിതാവിന്റെ ശമ്പളമെത്ര തുടങ്ങി ഒരു അർഥവുമില്ലാത്ത ചോദ്യങ്ങളാണ് പോലീസ് ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൈയിലുണ്ടായിരുന്ന വാദ്യോപകരണത്തെക്കുറിച്ചും അവർ ചോദിച്ചു.

ഇതുമായി നടക്കരുതെന്നും ചുവന്ന ടവൽ തലയിൽ കെട്ടരുതെന്നും മറ്റും പോലീസ് ഉപദേശിച്ചു. എന്നാൽ, ചില അടിസ്ഥാനകാര്യങ്ങൾ ചോദിച്ചറിഞ്ഞതല്ലാതെ തങ്ങൾ ഇത്തരത്തിലുള്ള ചോദ്യങ്ങളൊന്നും ചോദിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. കേസെടുക്കാൻ വകുപ്പുകളൊന്നും ഇല്ലാത്തതിനാൽ രണ്ടുപേരെയും വിട്ടയച്ചു എന്നും പോലീസ് വെളിപ്പെടുത്തി. രാത്രി 1.30-നാണ് ബപ്പാദിത്യയെ പോലീസ് പുറത്തുവിട്ടത്. എന്നാൽ, ഡ്രൈവറെ അരമണിക്കൂർ മുമ്പേ വിട്ടയച്ചു. പുണെ ഫെർഗുസൺ കോളേജിൽനിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ബപ്പാദിത്യ കവിയും മൾട്ടിമീഡിയ ഫ്രീലാൻസറുമാണ്.

പൗരത്വനിയമത്തിനെതിരേ നടക്കുന്ന പല പ്രതിഷേധങ്ങളിലും പങ്കെടുത്ത അദ്ദേഹം ജയ്‌പുരിൽനടന്ന ലിറ്റ് ഫെസ്റ്റിവലിനുശേഷമാണ് മുംബൈയിലേക്ക് എത്തിയത്. ആക്ടിവിസ്റ്റ് കവിതാ കൃഷ്ണൻ ഈ സംഭവം ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിശദവിവരങ്ങൾക്കായി മുംബൈ പോലീസും ഉബറും കവിതാ കൃഷ്ണനോട് അഭ്യർഥിച്ചിരിക്കുകയാണ്.

Content Highlights: Poet's talk about CAA protests, Uber driver takes him to police