ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലും ഇന്ത്യയിലേക്കു മടങ്ങാന്‍ സാധിക്കില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസിലെ പ്രതിയും ഗീതാഞ്ജലി ഗ്രൂപ്പ് ഉടമയുമായ മെഹുല്‍ ചോക്‌സി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ല എന്നറിയിച്ച് സി.ബി.ഐ.ക്ക് അയച്ച കത്തിലാണ് കാരണങ്ങള്‍ നിരത്തിയിരിക്കുന്നത്.

മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരവ് മോദിയും ഉള്‍പ്പെട്ട 12,600 കോടി രൂപയുടെ തട്ടിപ്പുകേസില്‍, മാര്‍ച്ച് ഏഴിനകം സി.ബി.ഐ. മുന്‍പാകെ പ്രതികള്‍ ഹാജരാകണമെന്നാണ് അറിയിച്ചിരുന്നത്.

കത്തില്‍ പറയുന്നത് ഇങ്ങനെ: ഇന്ത്യക്ക് താനൊരു സുരക്ഷാഭീഷണിയാണെന്നു കാട്ടിയാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. പാസ്‌പോര്‍ട്ട് പുനഃസ്ഥാപിക്കണമെന്ന് മുംബൈയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ പ്രതികരണം ലഭിച്ചില്ല.

ഫെബ്രുവരി ആദ്യം ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ചികിത്സ തീര്‍ന്നിട്ടില്ല. ആറ്ുമാസത്തേക്ക് യാത്ര ചെയ്യരുതെന്നാണ് ഡോക്ടറുടെ നിര്‍ദേശം. ഇന്ത്യയില്‍ തന്നെ അറസ്റ്റു ചെയ്താല്‍ സര്‍ക്കാര്‍ ആസ്​പത്രിയിലായിരിക്കും പ്രവേശിപ്പിക്കുക. അവിടെ മതിയായ ചികിത്സ ലഭിക്കുമോ എന്നു സംശയമുണ്ട്.

ഇന്ത്യയിലെ തന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി. സ്ഥാപനങ്ങളെല്ലാം പൂട്ടിച്ചു. ബിസിനസ് ഇടപാടുകള്‍ക്കൊന്നും രേഖയില്ലാതായി. കുറ്റകൃത്യ നടപടിയെന്നാണ് അവര്‍ പറയുന്നതെങ്കിലും ഒന്നും നിയമപരമായി തന്നെ അറിയിച്ചിട്ടില്ല.

നേരിടാനിടയുള്ള മാധ്യമവിചാരണയും വീട്ടുകാരുടെ സുരക്ഷയിലുള്ള ആശങ്കയും ഇന്ത്യയിലേക്ക് മടങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നു. ഇന്ത്യക്കു പുറത്ത് ജോലിചെയ്യുന്നത് തുടരുമെന്നും ചോക്‌സി കത്തില്‍ വ്യക്തമാക്കുന്നു.