ന്യൂഡൽഹി: ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട വൻ തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ (പി.എം.ഒ.) നേരത്തേ അറിയിച്ചിരുന്നതായി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ വെളിപ്പെടുത്തൽ. മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി അധ്യക്ഷനായ പാർലമെന്റിന്റെ എസ്റ്റിമേറ്റ് സമിതിക്കയച്ച റിപ്പോർട്ടിലാണ്‌ രാജൻ ഇക്കാര്യം പറയുന്നത്.

എന്നാൽ, ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് ഇതു സംഭവിച്ചതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. രണ്ടാം യു.പി.എ. സർക്കാരിന്റെ അവസാനകാലത്തും എൻ.ഡി.എ. സർക്കാരിന്റെ തുടക്കത്തിലും (2013 സെപ്റ്റംബർ നാല്-2016 സെപ്റ്റംബർ നാല്) അദ്ദേഹം റിസർവ് ബാങ്ക് ഗവർണറായിരുന്നു.

എന്നാൽ, രഘുറാം രാജന്റെ ആരോപണം കോൺഗ്രസ് രാഷ്ട്രീയായുധമാക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയുമാണ്‌ രാജൻ ഉദ്ദേശിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. എന്തുകൊണ്ടാണ്‌ മോദി തട്ടിപ്പുകാർക്കെതിരേ നടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. യു.പി.എ. സർക്കാർ ഇറങ്ങുമ്പോൾ 2.83 ലക്ഷം കോടി രൂപയായിരുന്നു നിഷ്‌ക്രിയ ആസ്തി. എന്നാൽ ഇന്നത് 12 ലക്ഷം കോടി രൂപയായെന്നും സുർജേവാല ആരോപിച്ചു.

17,500 കോടി രൂപയുടെ വായ്പത്തട്ടിപ്പുകളിൽ നടപടിയെടുക്കണമെന്ന് രാജൻ 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചിരുന്നതായി അന്നു റിപ്പോർട്ടുണ്ടായിരുന്നു.

തട്ടിപ്പുകേസുകൾ നേരത്തേ റിപ്പോർട്ട് ചെയ്യുന്നതിനായി താൻ ഗവർണറായിരുന്നപ്പോൾ ഒരു സമിതി രൂപവത്കരിച്ചെന്നും അതിന്റെ ഭാഗമായാണ് പി.എം.ഒ.യ്ക്ക് ഈ വിവരം നൽകിയതെന്നും രാജൻ വിശദമാക്കി.

“അന്വേഷണ ഏജൻസികൾക്ക് ഇത്തരം വിവരം നൽകുന്നതിനുവേണ്ടിയായിരുന്നു സമിതി. വൻ തട്ടിപ്പുകളുടെ പട്ടിക ഞാൻ പി.എം.ഒ.യ്ക്കും നൽകി. ഒന്നോ രണ്ടോ പേർക്കെതിരേ കേസെടുക്കണമെന്നും അതിൽ ആവശ്യപ്പെട്ടു. എന്നാൽ, പിന്നീടതിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചില്ല”-റിപ്പോർട്ടിൽ പറയുന്നു. വൻ തട്ടിപ്പു നടത്തിയ ഒരാളുടെ പേരിൽപ്പോലും കേസെടുക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിട്ടാക്കടം പെരുകാനുള്ള കാരണങ്ങൾ

ഒമ്പതുലക്ഷം കോടി രൂപയോളം വരുന്ന രാജ്യത്തെ കിട്ടാക്കടത്തിന്റെ കാരണം കണ്ടെത്താൻ പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടതു പ്രകാരമാണ് 17 പേജുള്ള റിപ്പോർട്ട് അദ്ദേഹം നൽകിയത്. ബാങ്കുകളുടെ അമിത ശുഭാപ്തിവിശ്വാസം, തീരുമാനമെടുക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസം, മന്ദഗതിയിലുള്ള സാമ്പത്തികവളർച്ച എന്നിവയാണ് കിട്ടാക്കടം പെരുകാൻ പ്രധാന കാരണമെന്ന് അതിൽ പറയുന്നു.

പൊതുമേഖലാ ബാങ്കുകളിൽ നടക്കുന്ന തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്നു. എന്നാൽ, നിഷ്‌ക്രിയ ആസ്തികളുമായി താരതമ്യം ചെയ്യുമ്പോൾ അതു കുറവാണ്. അതുണ്ടാകാതിരിക്കാൻ പൊതുമേഖലാ ബാങ്കുകളുടെ ഭരണനിർവഹണം മെച്ചപ്പെടുത്തണം. സർക്കാരിൽനിന്ന് അവയെ അകറ്റിനിർത്തണം. റിസർവ് ബാങ്കിന്റെ ഉത്തരവുകൾ ലംഘിക്കുന്ന ബാങ്കുകൾക്കെതിരേ പിഴ ചുമത്തുന്നതിൽ കുറേക്കൂടി ശ്രദ്ധ കാണിക്കണം.

ഏറ്റവുമധികം കിട്ടാക്കടം യു.പി.എ. കാലത്ത്

സന്പദ്‌വ്യവസ്ഥ ശക്തമായിരിക്കുകയും അടിസ്ഥാനസൗകര്യ പദ്ധതികൾ കൃത്യസമയത്തു പൂർത്തിയാകുകയും ചെയ്ത 2006-2008 കാലഘട്ടത്തിലാണു (യു.പി.എ. ഭരണം) ഏറ്റവുമധികം കിട്ടാക്കടമുണ്ടായതെന്നും രഘുറാം രാജന്റെ റിപ്പോർട്ടിൽ പറയുന്നു.

ബാങ്കുകളെ കുറ്റപ്പെടുത്തുക മാത്രമല്ല, സർക്കാരുകളുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാനും രാജൻ മറന്നില്ല. വ്യത്യസ്തതരത്തിലുള്ള ഭരണനിർവഹണ പ്രശ്നങ്ങളും നിഷ്‌ക്രിയ ആസ്തി പെരുകുന്നതിനു കാരണമായി. സംശയാസ്പദമായ രീതിയിൽ കൽക്കരി ഖനികൾ അനുവദിക്കുക, അന്വേഷണമുണ്ടാകുമോ എന്ന ഭയം തുടങ്ങിയ കാര്യങ്ങൾ മൂലം തീരുമാനങ്ങളെടുക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തി. യു.പി.എ.യുടെയും എൻ.ഡി.എ.യുടെയും ഭരണകാലത്ത് ഇതുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.