ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ പൗരൻമാർക്കും വീടെന്ന ലക്ഷ്യവുമായി കേന്ദ്രസർക്കാർ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയിൽ കേരളത്തിൽ 25,059 വീടുകൾ നിർമിക്കാൻ അനുമതി. മൊത്തം 4,78,670 വീടുകൾക്കാണ് പുതുതായി അനുമതിനൽകിയത്.

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽചേർന്ന കേന്ദ്ര അനുമതി നൽകൽ-നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. ഇതോടെ പദ്ധതിപ്രകാരം രാജ്യത്തിതുവരെ അനുമതി ലഭിച്ച വീടുകളുടെ എണ്ണം 72,65,763 ആയി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ ആന്ധ്രപ്രദേശിനാണ് ഏറ്റവുമധികം വീടുകൾക്ക് (1,05,956) അനുമതി ലഭിച്ചത്. തമിഴ്‌നാടിന് 68,110 വീടുകൾ അനുവദിച്ചു. അതേസമയം കർണാടക, ഗോവ, തെലങ്കാന എന്നിവയെ ഒഴിവാക്കി. മധ്യപ്രദേശ് -35,377, ഉത്തർപ്രദേശ് -91,689, മഹാരാഷ്ട്ര -17,817, ബിഹാർ -10,269, ഉത്തരാഖണ്ഡ് -9,208, ഒഡിഷ -12,290, ബംഗാൾ -1,02,895 എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങൾക്ക്‌ ലഭിച്ച വീടുകളുടെ എണ്ണം.

ഭവന-നഗരകാര്യ മന്ത്രാലയം സെക്രട്ടറി ദുർഗാശങ്കർ മിശ്രയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 22,492 കോടിരൂപ ചെലവുവരുന്ന 940 പദ്ധതികൾക്കും അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 7,180 കോടി രൂപയുടെ കേന്ദ്രവിഹിതവും അനുവദിച്ചു.