ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി. ഉറപ്പുനല്‍കണമെന്ന് സന്ന്യാസിമാരുടെ ആവശ്യം. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുസമൂഹത്തിന്റെ പിന്തുണ വേണമെങ്കില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഉറപ്പ് പ്രധാനമന്ത്രി നല്‍കണമെന്ന് രാമജന്മഭൂമി മന്ദിറിന്റെ മുഖ്യ പുരോഹിതനും അയോധ്യയിലെ സന്ന്യാസി സമൂഹത്തിലെ മുതിര്‍ന്ന അംഗവുമായ ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നുകാണാനാണ് സന്ന്യാസി സമൂഹത്തിന്റെയും പുരോഹിതരുടെയും ആഗ്രഹം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേത്രനിര്‍മാണം തുടങ്ങുമെന്നാണ് പ്രതീക്ഷിച്ചത്. അതിനാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിതന്നെ ഉറപ്പുനല്‍കുമെന്നാണ് പ്രതീക്ഷ. മോദി അയോധ്യ സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഉറപ്പുനല്‍കിയാല്‍ മാത്രമേ ബി.ജെ.പിക്ക് ഹിന്ദുസമൂഹത്തിന്റെ വോട്ട് സമാഹരിക്കാനാവൂ. എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലാവധി തീരുംമുമ്പ് രാമക്ഷേത്രം നിര്‍മിക്കണം. ക്ഷേത്രം പണിയുന്നതിനുള്ള ഉറപ്പുകള്‍ പാലിക്കപ്പെടണം - ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.
കുറച്ചുകൂടി കടുത്തവിമര്‍ശമാണ് അയോധ്യയിലെ രസിക് നിവാസ് ക്ഷേത്രത്തിലെ പുരോഹിതന്‍ രഘുവര്‍ ശരണ്‍ ബി.ജെ.പിക്കെതിരെ ഉയര്‍ത്തിയത്. രാമക്ഷേത്രവിഷയം രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി മാത്രമാണ് ബി.ജെ.പി. ഉപയോഗിച്ചതെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അയോധ്യാ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രമുഖ നേതാക്കളെല്ലാം ഇപ്പോള്‍ പാര്‍ലമെന്റിലുണ്ട്. അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍, ഉമാഭാരതി തുടങ്ങിയ നേതാക്കളെല്ലാം സര്‍ക്കാരിനൊപ്പമുണ്ട്. എന്നിട്ടും അവര്‍ ഒരിക്കല്‍പ്പോലും പാര്‍ലമെന്റില്‍ രാമക്ഷേത്രനിര്‍മാണം സംബന്ധിച്ച വിഷയം ഉന്നയിച്ചിട്ടില്ല. രാമക്ഷേത്രത്തിനായി പാര്‍ലമെന്റില്‍ ഒരു പ്രമേയം പാസ്സാക്കാന്‍പോലും മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല - രഘുവര്‍ ശരണ്‍ കുറ്റപ്പെടുത്തി.