ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ വാരാണസിയിൽ വീണ്ടും ജനവിധിതേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നാമനിർദേശ പത്രിക നല്കും. വ്യാഴാഴ്ച വാരാണസിയിലെത്തുന്ന അദ്ദേഹം വൈകീട്ട് നഗരത്തിൽ ഏഴുകിലോമീറ്റർ ദൂരം റോഡ് ഷോ നടത്തും.

റോഡ്ഷോയ്ക്ക് മുമ്പ് ബി.ജെ.പി. അധ്യക്ഷൻ അമിത്ഷാ, നേതാക്കളായ ജെ.പി. നഡ്ഡ, ലക്ഷ്മൺ ആചാര്യ, സുനിൽ ഓജ, അശുതോഷ് ഠണ്ഡൻ തുടങ്ങിയവരുമായി പ്രധാനമന്ത്രി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തും.

ബനാറസ് ഹിന്ദു സർവകലാശാലയുടെ പരിസരത്തുള്ള ലങ്കാ ഗേറ്റിലെ മദൻ മോഹൻ മാളവ്യയുടെ പ്രതിമയുടെ അടുത്തുനിന്നാണ് റോഡ് ഷോ തുടങ്ങുക. ദശാശ്വമേധ് ഘട്ടിൽ അവസാനിക്കും. ഏഴുകിലോമീറ്ററിനിടെ 150 കേന്ദ്രങ്ങളിൽ മോദിക്ക് സ്വീകരണം നൽകും. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മദൻപുര, സോനാർപുര എന്നിവിടങ്ങളിലും സ്വീകരണമുണ്ടെന്ന് നേതാക്കൾ പറഞ്ഞു.

റോഡ്ഷോയ്ക്കുശേഷം ദശാശ്വമേധ് ഘട്ടിൽ മോദി പൂജയും ഗംഗാസ്നാനവും നടത്തും. പ്രധാനമന്ത്രിയായ ശേഷം മൂന്നാംവട്ടമാണ് ഇവിടെ മോദി ഗംഗാസ്നാനത്തിനെത്തുന്നത്. 2014-ൽ തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോഴും തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ സന്ദർശനത്തിനെത്തിയപ്പോഴും മോദി ഗംഗാസ്നാനം നടത്തിയിരുന്നു. രാത്രിയിൽ നഗരത്തിലെ സ്വകാര്യഹോട്ടലിൽ പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും.

വെള്ളിയാഴ്ച രാവിലെ ബൂത്തുതല പ്രവർത്തകരെ അഭിസംബോധന ചെയ്യും. 10 മണിക്ക് കാലഭൈരവ ക്ഷേത്രം സന്ദർശിക്കും. തുടർന്ന് നാമനിർദേശപത്രിക സമർപ്പിക്കാനായി കളക്ടറേറ്റിലേക്കു പുറപ്പെടും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, അകാലി ദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ തുടങ്ങിയ ഘടകകക്ഷി നേതാക്കൾ അനുഗമിക്കും.

അടുത്ത മാസം 19-നാണ് വാരാണസിയിൽ തിരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 3.37 ലക്ഷം വോട്ടുകൾക്കാണ് മോദി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ തോൽപിച്ചത്.

Content Highlights: pm narendra modi will submit nomination in varanasi on tomorrow