ഗുവാഹാട്ടി/ കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസും ഇടതുപക്ഷവും കോൺഗ്രസും ഒത്തുകളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും ഇതാണു ചെയ്യുന്നതെന്നും അഞ്ചുവർഷം ഇരുകൂട്ടരും മാറിമാറി സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹാൽദിയയിൽ ബി.ജെ.പി. റാലിയിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് മോദിയുടെ ആദ്യ റാലിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്.

പ്രസംഗത്തിൽ മമതാ ബാനർജിക്കും തൃണമൂലിനുമെതിരേയായിരുന്നു അദ്ദേഹത്തിന്റെ ആക്രമണത്തിൽ ഏറിയ പങ്കും. ‘നിങ്ങൾ മമത (സ്നേഹം) പ്രതീക്ഷിച്ചു. പക്ഷേ, പത്തുവർഷമായി നിർമമത(ക്രൂരത)യാണ് നിങ്ങൾക്ക് നേരിടേണ്ടി വന്നത്”. കേന്ദ്രപദ്ധതികൾ നടപ്പാക്കാതെ സംസ്ഥാനത്തെ ജനങ്ങളെ മമത വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ത്രിപുരയിലേതു പോലെ മാറ്റത്തിനു വോട്ടുചെയ്യാൻ അദ്ദേഹം ജനങ്ങളോടഭ്യർഥിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന അസമിൽ വിവിധ സർക്കാർ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഫലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെയായിരുന്നു ഇവിടുത്തെ പ്രസംഗവും. ഇന്ത്യയെയും ഇന്ത്യൻ തേയിലയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായി പ്രധാനമന്ത്രി ദേക്യുജിലിയിൽ നടന്ന സമ്മേളനത്തിൽകുറ്റപ്പെടുത്തി. “ ഇന്ത്യയെ അപമാനിക്കുന്നവർ ഇപ്പോൾ ഇന്ത്യൻ തേയിലയെ പോലും വെറുതെ വിടുന്നില്ല. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലർ തേയിലയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. നിങ്ങൾ ഈ ആക്രമണത്തെ അംഗീകരിക്കുമോ”- മോദി ചോദിച്ചു. തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി ബജറ്റിൽ അനുവദിച്ചതിനെ പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ‘തേയില ഗൂഢാലോചന’യെക്കുറിച്ച് പറഞ്ഞത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡ് പദ്ധതികൾക്കായി ധനമന്ത്രി നിർമലാ സീതാരാമൻ മൂന്ന് വർഷത്തിനിടെ 34,000 കോടി രൂപ വകയിരുത്തിയിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിശ്വനാഥിലെയും ചരൈദേവിലെയും രണ്ട് മെഡിക്കൽ കോളേജുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. അസം മാല എന്ന ദേശീയപാതാ വികസന പദ്ധതിക്കും തുടക്കം കുറിച്ചു.

Content Highlights: PM Narendra Modi West Bengal